Quantcast

കാലിക്കറ്റ് മുന്‍ വിസി അടക്കം 5 പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

MediaOne Logo

Khasida

  • Published:

    13 May 2018 6:29 AM GMT

പന്ത്രണ്ട് അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് കേസ്

അനധികൃത നിയമനങ്ങള്‍ നടത്തിയെന്ന കേസില്‍ കാലിക്കറ്റ് മുന്‍ വി സി ഡോ. അബ്ദുല്‍ സലാം അടക്കം അഞ്ചു പേര്‍ക്കെതിരെ വിജിലന്‍സിന്റെ എഫ്ഐആര്‍. 12 താല്‍ക്കാലിക നിയമനങ്ങള്‍ അനധികൃതമായി നടത്തുകയും അതുവഴി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുമാണ് വിജിലന്‍സിന്റെ കേസ്. കേസിന്റെ എഫ്ഐആര്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

അനധികൃത നിയനം ആരോപിച്ച് കാലിക്കറ്റിലെ മുന്‍ ഡെപ്യൂട്ടി റെജിസ്ട്രാര്‍ വി സ്റ്റാലിന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നേരത്തേ കോഴിക്കോട് വിജിലന്‍സ് കോടതി ത്വരിത പരിശോധനക്ക് ഉത്തരവിട്ടിരുന്നു. ഡീന്‍, എസ്റ്റേറ്റ് ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ തുടങ്ങി പന്ത്രണ്ടോളം താല്‍ക്കാലിക നിയമനങ്ങളില്‍ അഴിമതി നടന്നുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് ത്വരിത പരിശോധനയില്‍ കണ്ടെത്തി.

ഇതേ തുടര്‍ന്നാണ് മുന്‍ വി സി ഡോ.അബ്ദുല്‍സലാം, മുന്‍ റജിസ്ട്രാര്‍ ഡോ.പി പി മുഹമ്മദ്, മുന്‍ എസ്റ്റേറ്റ് ഓഫീസര്‍ എം ഭാസ്കരന്‍, ഡല്‍ഹിയിലെ മുന്‍ ലെയ്സണ്‍ ഓഫീസര്‍ അശ്വതി പദ്മസേനന്‍, മുന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ സി എ മുഹമ്മദ് എന്നിവരെ പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. സര്‍വ്വകലാശാലയില്‍ നിലവിലുള്ള സ്റ്റാറ്റ്യൂട്ടിലെയും ഓര്‍ഡിനന്‍സിലെയും വ്യവസ്ഥകള്‍ മറികടന്നാണ് നിയമനങ്ങള്‍ നടത്തിയതെന്നാണ് ആരോപണം.

ഇത്തരത്തില്‍ നിയമനം നേടിയ പലര്‍ക്കും പിന്നീട് കാലാവധി നീട്ടി നല്‍കിയിട്ടുമുണ്ട്. ലോക്കല്‍ ഫണ്ട് ഓഡിറ്റിന്‍റെ എതിര്‍പ്പ് മറികടന്നാണ് ഈ നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത്. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്.

TAGS :

Next Story