കഞ്ചാവ് കേസിലെ പ്രതികള്‍ ജയില്‍ചാടി
ശുചിമുറിയുടെ വെന്‍റിലേഷന്‍റെ സഹായത്തോടെ സീലിംഗും പിന്നീട് മേല്‍ക്കൂരയും തകര്‍ത്താണ് ഇവര്‍ പുറത്ത് കടന്നത്.
കഞ്ചാവ് കേസില്‍ റിമാന്‍ഡ് പ്രതികളായ പശ്ചിമ ബംഗാള്‍ സ്വദേശികളായ തടവുകാര്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്നും ജയില്‍ചാടി. ജയ്ദേവ് സാഹു, ഗോപാല്‍ ദാസ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
കഞ്ചാവ് കടത്ത് കേസില്‍ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത ജയ്ദേവ് സാഹു, ഗോപാല്‍ ദാസ് എന്നിവരെ ഒരു മാസം മുന്‍പാണ് പത്തനംതിട്ട ജില്ലാ ജയിലിലേക്ക് മാറ്റിയത്. സ്ത്രീ തടവുകാരില്ലാത്തതിനാല്‍ സ്ത്രീകളുടെ ബ്ലോക്കിലെ അഞ്ചാം നമ്പര്‍ സെല്ലിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. ഇന്നലെ പുലര്‍ച്ചെ 1 മണിയോടെയാണ് ഇവര്‍ ജയില്‍ചാടിയതെന്നാണ് അനുമാനം. ഈ സമയം ശുചിമുറിയില്‍ പോയ ഇവര്‍ രണ്ട് മണിയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് സഹതടവുകാര്‍ വിവരം ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
ശുചിമുറിയുടെ വെന്‍റിലേഷന്‍റെ സഹായത്തോടെ സീലിംഗും പിന്നീട് മേല്‍ക്കൂരയും തകര്‍ത്താണ് ഇവര്‍ പുറത്ത് കടന്നത്. ജില്ലാ ജയിലില്‍ സിസിടിവി ക്യാമറകളുടെ അപര്യാപതതയും ഉയരം കുറഞ്ഞ ചുറ്റുമതിലും മതിലിനോട് ചേര്‍ന്ന് വൃക്ഷങ്ങള്‍ വളര്‍ന്നുനില്‍ക്കുന്നതും സുരക്ഷാ വീഴ്ചയായി നേരത്തെ ഉന്നയിക്കപ്പെട്ടിരുന്നു. രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16