Quantcast

അനന്തം, നാടകീയം, ഒടുവില്‍ അന്ത്യം... കോണ്‍ഗ്രസ് സീറ്റ് നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി

MediaOne Logo

admin

  • Published:

    14 May 2018 8:45 AM GMT

അനന്തം, നാടകീയം, ഒടുവില്‍ അന്ത്യം... കോണ്‍ഗ്രസ് സീറ്റ് നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി
X

അനന്തം, നാടകീയം, ഒടുവില്‍ അന്ത്യം... കോണ്‍ഗ്രസ് സീറ്റ് നിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി

അനന്തമായ ചര്‍ച്ചകള്‍ക്കും, നാടകീയമായ നീക്കങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസ് സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായത്.

അനന്തമായ ചര്‍ച്ചകള്‍ക്കും, നാടകീയമായ നീക്കങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസ് സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായത്. അഞ്ച് സിറ്റിങ് സീറ്റുകളെച്ചൊല്ലി ആറ് ദിവസമാണ് ചര്‍ച്ച നീണ്ടത്. ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുന്നോട്ട് പോയപ്പോള്‍ ഹൈക്കമാന്‍ഡും ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയുടെ സമ്മര്‍ദ്ദം വിജയം കണ്ടു.

മാര്‍ച്ച് 28 തിങ്കളാഴ്ച വൈകിട്ടാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സ്ക്രീനിംഗ് കമ്മറ്റിയില്‍ ആരംഭിച്ചത്. മാനദണ്ഡങ്ങളില്‍ ഉടക്കി ആദ്യ ദിവസം കടന്ന് പോയി. പിറ്റേന്ന് മണ്ഡലം തിരിച്ചുള്ള ചര്‍ച്ചകള്‍. ഇതിലാണ് ഇരിക്കൂര്‍, തൃപ്പൂണിത്തറ, കോന്നി, തൃക്കാക്കര, കൊച്ചി സീറ്റുകളെക്കുറിച്ചുള്ള തര്‍ക്കം തുടങ്ങിയത്. ഈ സീറ്റുകളില്‍ സിറ്റിംഗ് എംഎല്‍എമാരെ മാറ്റണമെന്ന് സുധീരനും, പറ്റില്ലെന്ന് ഉമ്മന്‍ ചാണ്ടിയും. പരിഹരിക്കാനാകാതെ, സ്ക്രീനിംഗ് കമ്മറ്റി പിരിഞ്ഞു. സിറ്റിംഗ് എംഎല്‍എമാരെ മാറ്റിയാല്‍ പുതുപ്പള്ളിയില്‍ മത്സരിക്കില്ലെന്ന് മുഖ്യമന്ത്രി ഹൈക്കമാന്‍ഡ് നേതാക്കളെ അറിയിച്ചതോടെ പിറ്റേന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ച. നിലപാടില്‍ ഉറച്ച് ഇരു നേതാക്കളും. വൈകിട്ട് സ്ക്രീനിംഗ് കമ്മിറ്റി ചേര്‍ന്ന് ബാക്കി സീറ്റുകളിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. അസമില്‍ പ്രചാരണത്തിന് ശേഷം തിരിച്ചെത്തിയ സോണിയ ഗാന്ധി വിഷയത്തില്‍ ഇടപെട്ട് ഇരു നേതാക്കളുമായും ചര്‍ച്ച നടത്തി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സ്ക്രീനിംഗ് കമ്മറ്റി വീണ്ടും ചേര്‍ന്ന് പരിഹാര ശ്രമം നടന്നെങ്കിലും ഒരു ഫോര്‍മുല പോലും മുന്നോട്ട് വെക്കാനായില്ല.

വെള്ളിയാഴ്ച രാത്രി സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നു. 60 സീറ്റുകളില്‍ അന്തിമ തീരുമാനമെടുത്തു. ശേഷം, അഞ്ച് തര്‍ക്ക സീറ്റുകളെ സംബന്ധിച്ച് പ്രത്യേകം ചര്‍ച്ച നടത്തി. സ്ക്രീനിംഗ് കമ്മറ്റിയില്‍ വീണ്ടും ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കി ആ യോഗവും അവസാനിച്ചു. ശനിയാഴ്ച മല്ലിഖാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഉച്ചവരെ നടന്ന സ്ക്രീനിംഗ് കമ്മറ്റി യോഗവും പ്രശ്നം പരിഹരിക്കാനാകാതെ പിരിഞ്ഞു. അങ്ങനെ പന്ത് വീണ്ടും ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക്. രാത്രി സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തില്‍ അടൂര്‍ പ്രകാശിനെയും, കെ ബാബുവിനെയും മാറ്റി പ്രശ്നം പരിഹരിക്കാന്‍ നിര്‍ദേശം ഉയര്‍ന്നു. പക്ഷെ ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ട് യോഗം പിരിഞ്ഞു. പുലര്‍ച്ചെ കേരളത്തിലേക്ക് മടങ്ങിയ ഉമ്മന്‍ ചാണ്ടി, ശക്തമായ നിലപാടിലേക്ക് നീങ്ങുന്നതിന്റെ സൂചനകള്‍ നല്‍കി. ഇതോടെ, സുധീരന്റെ നിര്‍ദേശങ്ങള്‍ തള്ളാന്‍ ഹൈക്കമാന്‍ഡ് നിര്‍ബന്ധിതരായി.

TAGS :

Next Story