Quantcast

അതിരൂപതയുടെ ഭൂമി കച്ചവട വിവാദം: ആരാധനാക്രമ തര്‍ക്കവുമായി ബന്ധിപ്പിച്ച് ഒരു വിഭാഗം

MediaOne Logo

Sithara

  • Published:

    14 May 2018 10:14 AM GMT

അതിരൂപതയുടെ ഭൂമി കച്ചവട വിവാദം: ആരാധനാക്രമ തര്‍ക്കവുമായി ബന്ധിപ്പിച്ച് ഒരു വിഭാഗം
X

അതിരൂപതയുടെ ഭൂമി കച്ചവട വിവാദം: ആരാധനാക്രമ തര്‍ക്കവുമായി ബന്ധിപ്പിച്ച് ഒരു വിഭാഗം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ചുള്ള പ്രചാരണം നവമാധ്യമങ്ങള്‍ വഴി ഏകോപിപ്പിച്ചാണ് ഈ നീക്കം.

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി കച്ചവട വിവാദം ആരാധനാക്രമത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ഒരു വിഭാഗം സജീവമാക്കി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ചുള്ള പ്രചാരണം നവമാധ്യമങ്ങള്‍ വഴി ഏകോപിപ്പിച്ചാണ് ഈ നീക്കം. എന്നാല്‍ വിവാദ ഭൂമി കച്ചവടത്തിലെ ക്രമക്കേട് മാത്രമാണ് ഉന്നയിക്കുന്നതെന്നാണ് വിമത വിഭാഗം വൈദികരുടെ നിലപാട്.

വിവാദ ഭൂമി കച്ചവടത്തിലെ വസ്തുതകള്‍ വിശദീകരിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാന്‍ പുറത്തിറക്കിയ സര്‍ക്കുലറിലെ പരാമര്‍ശങ്ങളടക്കം കര്‍ദ്ദിനാളിനെതിരായ സംഘടിത നീക്കത്തിന്റെ തെളിവായി ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. സ്ഥലം വില്‍പനയില്‍ അതിരൂപതയ്ക്ക് ലഭിക്കേണ്ട ബാക്കി തുക ലഭിച്ചാലും ധാര്‍മിക പ്രശ്നങ്ങള്‍ നിലനില്‍ക്കുമെന്ന സര്‍ക്കുലറിലെ പരാമര്‍ശമാണ് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവരെ സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെതിരെ തിരിക്കുന്നത്. സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം കൂടുതല്‍ പൌരസ്ത്യവത്കരിക്കുന്നതിനായുള്ള കര്‍ദ്ദിനാളിന്റെ ശ്രമങ്ങളെ എതിര്‍ക്കുന്ന എറണാകുളം ലോബി മനപ്പൂര്‍വ്വം അവസരം മുതലെടുത്ത് മാര്‍ ആലഞ്ചേരിയെ പദവിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് ഒരു വിഭാഗം വൈദികരുടെയും ആല്‍മായരുടെയും ആരോപണം.

എന്നാല്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിക്ക് ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനാവില്ലെന്ന നിലപാടില്‍ വിമത വിഭാഗം വൈദികര്‍ ഉറച്ച് നില്‍ക്കുകയാണ്. ഭൂമിയിടപാടിൽ കാനോനിക നിയമപ്രകാരമുള്ള മുന്നൊരുക്കങ്ങൾ പാലിക്കുന്നതിലെ വീഴ്ച ഗുരുതരമാണെന്നും വിമത വിഭാഗം വൈദികർ പറയുന്നു. ഇതേ നിലപാട് സര്‍ക്കുലറില്‍ മാര്‍ എടയന്ത്രത്ത് ആവര്‍ത്തിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കര്‍ദ്ദിനാളിനെ അനുകൂലിക്കുന്ന ഒരു വിഭാഗത്തിന്റെ ആരോപണം.

TAGS :

Next Story