Quantcast

അരങ്ങൊഴിഞ്ഞത് നാടകവേദിക്ക് വേറിട്ട രംഗഭാഷ ചമച്ച ആചാര്യന്‍

MediaOne Logo

Sithara

  • Published:

    14 May 2018 1:54 PM GMT

അരങ്ങൊഴിഞ്ഞത് നാടകവേദിക്ക് വേറിട്ട രംഗഭാഷ ചമച്ച ആചാര്യന്‍
X

അരങ്ങൊഴിഞ്ഞത് നാടകവേദിക്ക് വേറിട്ട രംഗഭാഷ ചമച്ച ആചാര്യന്‍

ശൈലീകൃതമായ രംഗാവതരണ രീതി കേരളത്തില്‍ വേരുറക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

കാവാലം നാരായണപ്പണിക്കരുടെ വിയോഗത്തോടെ കേരളത്തിലെ സാംസ്കാരിക, സാഹിത്യ മേഖലകളില്‍ ഒട്ടനവധി സംഭാവനകള്‍ നല്‍കിയ പ്രതിഭയെ ആണ് നഷ്ടമായത്. തികച്ചും ശൈലീകൃതമായ രംഗാവതരണ രീതി കേരളത്തില്‍ വേരുറക്കുന്നത് കാവാലത്തിന്റെ നാടകാവതരണങ്ങളിലൂടെയാണ്.

ആലപ്പുഴ ജില്ലയിലെ കാവാലത്ത് ഗോദവര്‍മ്മയുടെയും കുഞ്ഞു ലക്ഷ്മിയുടെയും മകനായി 1928 ലായിരുന്നു കാവാലം നാരായണപ്പണിക്കരുടെ ജനനം. കേരളാ സര്‍വകലാശാലയില്‍ നിന്ന്‌ ബിഎ ബിരുദവും മദ്രാസ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ നിയമ ബിരുദവും നേടി. 1955 മുതല്‍ 61 വരെ ആലപ്പുഴയില്‍ വക്കീലായി പ്രാക്ടീസ്‌ ചെയ്തു. ചെറുപ്പത്തിലേ കവിതാരചനയില്‍ താത്പര്യമുണ്ടായിരുന്നു. 1964ലാണ്‌ കവിതയില്‍ നിന്നും നാടകത്തിലേക്ക്‌ ചുവടുറപ്പിക്കുന്നത്‌. 1974ല്‍ തിരുവരങ്ങ്‌ നാടക സംഘത്തിന്‌ രൂ പം നല്‍കി. അവനവന്‍ കടമ്പയാണ്‌ തിരുവരങ്ങ്‌ ആദ്യം അവതരിപ്പിച്ച നാടകം. 1980ല്‍ സോപാനം എന്ന രംഗകലാഗവേഷണകേന്ദ്രം ആരംഭിച്ചു. തിരുവാഴിത്താന്‍, കരിങ്കുട്ടി, ദൈവത്താര്‍ തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഭാരതീയ നാടകപ്രസ്ഥാനത്തിന്റെ തനതുഭാവങ്ങളും രൂപങ്ങളും ലോകത്തിനു പരിചയപ്പെടുത്തുന്നതില്‍ കാവാലം നിര്‍ണായക പങ്കുവഹിച്ചു. 1984ല്‍ കര്‍ണഭാരം എന്ന സംസ്കൃതനാടകം ഒരുക്കി. 2001ല്‍ മോഹന്‍ലാല്‍ ആ നാടകത്തില്‍ അഭിനയിച്ചതോടെ കര്‍ണഭാരത്തിന്‌ താരപദവി കൈവന്നു.

ചലച്ചിത്രഗാന രചനയിലും കാവാലം സജീവമായിരുന്നു. 1978 ല്‍ രതിനിര്‍വ്വേദം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാ രംഗത്തെത്തി. തുടര്‍ന്ന് വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി ഉള്‍പ്പെടെ നാല്‍പതിലേറെ സിനിമകള്‍ക്ക്‌ ഗാനരചന നടത്തി. 1978 ലും 1982 ലും മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 1975ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1983ല്‍ സംഗീത നാടക അക്കാദമി പുരസ്കാരവും 2002ല്‍ ഫെലോഷിപ്പും ലഭിച്ചു. 2007ല്‍ ഭാരതം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നാടകകൃത്ത്‌, നാടക സംവിധായകന്‍, കവി, ചലച്ചിത്ര- ലളിതഗാന രചയിതാവ്‌, ഗ്രന്ഥകര്‍ത്താവ്‌, പ്രഭാഷകന്‍ എന്നീ നിലകളില്‍ കേരളത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭാധനനെയാണ് കാവാലത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.

TAGS :

Next Story