ജപ്തി ഭീഷണി നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കടാശ്വാസ പദ്ധതി
ജപ്തി ഭീഷണി നേരിടുന്നവര്‍ക്ക് ആശ്വാസമേകാന്‍ കടാശ്വാസ പദ്ധതി
ജപ്തി ഭീഷണി നേരിടുന്നവര്‍ക്കായി പലിശയിളവും കടാശ്വാസവും അനുവദിക്കാന്‍ ഒറ്റത്തവണ കടാശ്വാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി
ജപ്തി ഭീഷണി നേരിടുന്നവര്‍ക്കായി പലിശയിളവും കടാശ്വാസവും അനുവദിക്കാന്‍ ഒറ്റത്തവണ കടാശ്വാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. മുതലിന്റെ ഇരട്ടിയിലധികം തിരിച്ചടച്ചിട്ടും വായ്പാ കുടിശ്ശികയുള്ള സാധാരണക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും ആശ്വാസം നല്‍കുന്നതാണ് പദ്ധതി. പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവില്‍ വീഴ്ചവരുത്തിയതിനാല്‍ ജപ്തി ഭീഷണി നേരിടുന്നവര്‍ക്കായാണ് മുഖ്യമന്ത്രിയുടെ കടാശ്വാസ പദ്ധതി. സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ്, പട്ടികജാതി - പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ കോര്‍പ്പറേഷനുകള്‍, സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, റവന്യൂ വകുപ്പ് എന്നിവിടങ്ങളില്‍ നിന്ന് വായ്പയെടുത്തവര്‍ക്കാണ് ആനുകൂല്യം. അഞ്ച് ലക്ഷം വരെയുള്ള വായ്പകളില്‍ മുതലും പലിശയും പിഴപ്പലിശയും ചേര്‍ത്ത് മുതലിന്റെ ഇരട്ടിയെങ്കിലും തിരിച്ചടച്ചവരുടെ വായ്പകള്‍ പദ്ധതി വഴി എഴുതിത്തള്ളും. ഇതിന് പുറമെ മുതലിന്‍റെ ഒന്നര ഇരട്ടിയെങ്കിലും തിരിച്ചടച്ചു കഴിഞ്ഞിട്ടും ജപ്തി ഭീഷണി നേരിടുന്നവര്‍ക്ക് പലിശയിളവും പിഴപ്പലിശയിളവും അനുവദിച്ചു കൊണ്ട് ബാക്കി വായ്പാ തുക രണ്ടുവര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന വിധം പുന:ക്രമീകരിച്ച് നല്‍കും.
കടാശ്വാസ അപേക്ഷയിന്മേല്‍ രണ്ട് മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കും. ഇവര്‍ക്ക് ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ എല്ലാ ഈടുകളും തിരികെ നല്‍കും. സാമ്പത്തിക പ്രയാസത്താല്‍ വായ്പ തിരിച്ചടക്കാനാകാതെ ജപ്തി ഭീഷണി നേരിടുന്നവരുടെ നിവേദനങ്ങള്‍ പരിഗണിച്ചാണ് സമഗ്ര കടാശ്വാസ പദ്ധതി രൂപീകരിക്കാനുള്ള തീരുമാനം. പദ്ധതി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 40 കോടിയില്‍പ്പരം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്ക്കൂട്ടല്‍. ധനകാര്യ വകുപ്പാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖയും ഇന്നത്തെ മന്ത്രിസഭ അംഗീകരിച്ചു.
Adjust Story Font
16