Quantcast

മോര്‍ച്ചറി അറ്റന്‍ഡര്‍മാരും മനുഷ്യരാണ്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

MediaOne Logo

Khasida

  • Published:

    16 May 2018 3:44 PM GMT

മോര്‍ച്ചറി അറ്റന്‍ഡര്‍മാരും മനുഷ്യരാണ്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
X

മോര്‍ച്ചറി അറ്റന്‍ഡര്‍മാരും മനുഷ്യരാണ്: മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അവര്‍ സമരത്തിനിറങ്ങാത്തത് മരിച്ചവരുടെ പ്രിയപ്പെട്ടവരെ ഇനിയും വേദനിപ്പിക്കേണ്ടെന്ന് കരുതി മാത്രം....

കാലങ്ങളായി അടിസ്ഥാന മനുഷ്യാവകാശങ്ങളും, തൊഴിലിടങ്ങളിലെ അവകാശങ്ങളും നിഷേധിക്കപ്പെട്ട്,അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്ന ഓരോ നിമിഷവും ശകാരവർഷങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മോര്‍ച്ചറി അറ്റന്‍ഡറുമാരുടെ പൊള്ളുന്ന ദുരിത ജീവിതം പൊതുജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള ശ്രമമായിരുന്നു വീണാ ജെ എസ് എന്ന ഫോറന്‍സിക് മെഡിസിന്‍ പിജി വിദ്യാര്‍ഥിനിയുടെ ഫെയ്സ്‍ബുക്ക് കുറിപ്പ്. അത് ഫലം കണ്ടു എന്ന് വേണം പറയാന്‍.

നിലവില്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ മോർച്ചറി അറ്റൻഡർ എന്നൊരു പോസ്റ്റ്‌ ഇല്ലെന്ന് പറഞ്ഞുകൊണ്ടാണ് വീണ തന്റെ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. പകരം ഗ്രേഡ് ll അറ്റൻഡർ തസ്തികയിലുള്ളവരെ ഇവിടെ ജോലിക്കിട്ടാണ് മോർച്ചറി കൊണ്ടുപോകുന്നത്. ഇവരില്‍ പലരും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ, ആവശ്യമായ ട്രെയിനിംഗ് ലഭിക്കാതെയാണ് ഈ പണിയെടുക്കുന്നത്. എത്തപ്പെടുന്ന ഓരോ മൃതദേഹത്തിന്റെയും ഭാരം ഒറ്റയ്ക്ക് ചുമക്കേണ്ടിയുംവരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി ഡോക്ടറെ സഹായിക്കണം. മൃതദേഹത്തിന്റെ ശരീരം തുറക്കണം. തലയോട്ടി പൊട്ടിക്കണം. അതിനായുള്ളത് പിടിയില്ലാത്ത ഒരു വാള്‍ മാത്രം. പിന്നെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശരീരം തുന്നണം. മൃതദേഹത്തെ കുളിപ്പിച്ച് വൃത്തിയാക്കി പുതപ്പിച്ച് ബന്ധുക്കളെ ഏല്‍പ്പിക്കണം. മോര്‍ച്ചറി വൃത്തിയാക്കണം, മോര്‍ച്ചറിയിലെ ഡോക്ടര്‍മാരുടെ റൂമുകളും ടോയ്‌ലെറ്റുകളും വൃത്തിയാക്കണം. അലക്കാനുള്ള ഏപ്രണുകൾ അതിനുവേണ്ടിയുള്ള സ്ഥലത്തെത്തിക്കണം, അലക്കിയ തുണികൾ തിരിച്ചെടുക്കണം. ചില ദിവസങ്ങളിൽ ഡിപ്പാർട്മെന്റ് ഡ്യൂട്ടിയും ചെയ്യണം. എന്നാല്‍ ഒരു മൃതദേഹത്തിന് ഇവര്‍ക്ക് ലഭിക്കുന്നത് 75 രൂപമാത്രമാണെന്ന് വീണ ചൂണ്ടിക്കാണ്ടുന്നു.

തന്റെ ഫെയ്സ്‍ബുക്ക് പോസ്റ്റിന്റെ ഒരു കോപ്പി മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും വീണ അയച്ചിരുന്നു. വീണയുടെ പരാതിയിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടിയും നല്‍കി കഴിഞ്ഞു.

ഈ പോസ്റ്റിന്റെ പേരില്‍ തന്നോട് വിശദീകരണം ചോദിച്ചെന്ന് തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വീണ തുറന്നു പറയുന്നുണ്ട്. എന്നാല്‍ വീണയുടെ ഈ ഉദ്യമത്തെ അഭിനന്ദിച്ചും, ഏറ്റെടുത്തും നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

TAGS :

Next Story