Quantcast

സൌജന്യ ഭക്ഷണവുമായി ഡിവൈഎഫ്ഐ, ഹൃദയപൂര്‍വം പദ്ധതിയ്ക്ക് മികച്ച ജനപിന്തുണ

MediaOne Logo

Jaisy

  • Published:

    17 May 2018 7:35 AM GMT

സൌജന്യ ഭക്ഷണവുമായി ഡിവൈഎഫ്ഐ, ഹൃദയപൂര്‍വം പദ്ധതിയ്ക്ക് മികച്ച ജനപിന്തുണ
X

സൌജന്യ ഭക്ഷണവുമായി ഡിവൈഎഫ്ഐ, ഹൃദയപൂര്‍വം പദ്ധതിയ്ക്ക് മികച്ച ജനപിന്തുണ

ജില്ലയിലെ എല്ലാഭാഗത്തുമുള്ള ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടാണ് ഒരു രൂപ പോലും പിരിച്ചെടുക്കാതെ ഡിവൈഎഫ്ഐ ഉച്ചഭക്ഷണ പരിപാടി നടപ്പാക്കുന്നത്

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൌജന്യമായി ഉച്ചഭക്ഷണം നല്‍കുന്ന ഡിവൈഎഫ്ഐയുടെ 'ഹൃദയപൂര്‍വം' പദ്ധതി ഒരുമാസം പിന്നിട്ടു. എഴുപത്തി രണ്ടായിരത്തിലധികം ഭക്ഷണപ്പൊതികളാണ് ഇതുവരെ ഹൃദയപൂര്‍വം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. ജില്ലയിലെ എല്ലാഭാഗത്തുമുള്ള ജനങ്ങളെ പങ്കാളികളാക്കിക്കൊണ്ടാണ് ഒരു രൂപ പോലും പിരിച്ചെടുക്കാതെ ഡിവൈഎഫ്ഐ ഉച്ചഭക്ഷണ പരിപാടി നടപ്പാക്കുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി എഴുനൂറു ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ ആസൂത്രണം ചെയ്താണ് ഡിവൈഎഫ് ഐ ആലപ്പുഴ ജില്ലാകമ്മിറ്റി ഹൃദയപൂര്‍വം പദ്ധതി ആരംഭിച്ചത്. എന്നാല്‍ ആദ്യ ദിനം തന്നെ 2000 ഭക്ഷണപ്പൊതികള്‍ വിതരണത്തിനെത്തിച്ചു. ജില്ലയിലെ 145 മേഖലാ കമ്മിറ്റികളോട് ഓരോ ദിവസങ്ങളിലായി പൊതിച്ചോറുകള്‍ എത്തിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതായത് ഒരു മേഖലാ കമ്മിറ്റി വര്‍ഷത്തില്‍ മൂന്നു തവണ മാത്രം ഭക്ഷണപ്പൊതികള്‍ എത്തിച്ചാല്‍ ഒരുവര്‍ഷത്തില്‍ എല്ലാ ദിവസവും ഭക്ഷണം നല്‍കാം. സഹായ സന്നദ്ധതയുള്ള വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വാഹനങ്ങളില്‍ ഇന്ധനം നിറച്ച് പൊതികള്‍ ആശുപത്രിയിലെത്തിക്കുകയാണ് പതിവ്. പദ്ധതി നടപ്പാക്കുന്നതിനായി പണപ്പിരിവ് നടത്തുന്നില്ല. ജനപിന്തുണ കൊണ്ട് 5000 ഭക്ഷണപ്പൊതികള്‍ വരെ ലഭിച്ച ദിവസങ്ങളുണ്ടായിട്ടുണ്ട്. ഒരു മാസം തികയുന്ന ദിനത്തില്‍‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിയ്ക്ക് ആശംസകളുമായി എത്തി.

ഭക്ഷണം കഴിച്ച ശേഷം ഉപേക്ഷിക്കുന്ന വാഴയിലകളും കടലാസുകളും കൊണ്ടു വന്ന പെട്ടികളില്‍ ശേഖരിച്ച് തിരിച്ചു കൊണ്ടു പോയി മാലിന്യ സംസ്കരണം നടത്തിയും മികച്ച മാതൃകയാണ് ഈ രംഗത്ത് ആലപ്പുഴയിലെ ഡിവൈഎഫ്ഐ തീര്‍ത്തിട്ടുള്ളത്.

TAGS :

Next Story