കാണാതായവരുടെ കൃത്യമായ കണക്കില്ല; വൈകാരികമായി പ്രതികരിച്ച് തീരദേശം
കാണാതായവരുടെ കൃത്യമായ കണക്കില്ല; വൈകാരികമായി പ്രതികരിച്ച് തീരദേശം
ഇനിയും നൂറിലേറെ പേരെ കണ്ടെത്താനുണ്ടെന്ന് പറയുമ്പോഴും കൃത്യമായ കണക്കുകള്‍ ആരുടെ പക്കലുമില്ല.
ഓഖി ചുഴലിക്കാറ്റ് വീശി മൂന്നാം ദിവസമെത്തുമ്പോഴും കാണാതായവരുടെ എണ്ണത്തില്‍ അനിശ്ചിതത്വം. ഇനിയും നൂറിലേറെ പേരെ കണ്ടെത്താനുണ്ടെന്ന് പറയുമ്പോഴും കൃത്യമായ കണക്കുകള്‍ ആരുടെ പക്കലുമില്ല. കണ്ടെത്താന്‍ വൈകുന്തോറും കടലില്‍ കുടുങ്ങിയവരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക കൂടുകയാണ്.
ബുധനാഴ്ച ചുഴലിക്കാറ്റ് വീശിയതു മുതല്‍ കടലില്‍കുടുങ്ങിയവരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ ഇരുട്ടിലാണ്. പലതവണ എണ്ണം മാറ്റിപ്പറഞ്ഞു. നാനൂറിലധികം പേരെ രക്ഷപ്പെടുത്തിയെന്ന് പറയുമ്പോഴും കരയില്‍ ഉറ്റവരെ കാത്തിരിക്കുന്നവര്‍ ഇനിയുമേറെ. റവന്യു ഉദ്യോഗസ്ഥരെക്കൊണ്ട് വീടുകളിലന്വേഷിച്ച് കണക്ക് ശേഖരിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത വിധം വൈകാരികമായി പ്രക്ഷുബ്ധമാണ് തീരദേശം.
തെരച്ചിലിന് ശേഷം കരയിലേക്ക് മടങ്ങുന്ന ഓരോ ബോട്ടിലും ഹെലികോപ്ടറിലും തങ്ങളുടെ വേണ്ടപ്പെട്ടവരെ കാണാതെ പ്രതിഷേധിക്കുന്ന തീരദേശവാസികള്‍. കന്യാകുമാരി മുതല്‍ ആലപ്പുഴ വരെയുള്ള തീരങ്ങളില്‍ 80 നോട്ടിക്കല്‍ മൈല്‍ വരെ ഇതിനകം തിരച്ചില്‍ നടത്തി. ശക്തമായ കാറ്റിലും തിരയിലും പെട്ട് വള്ളങ്ങള്‍ ഏറെ അകലങ്ങളിലേക്ക് ഒഴുകിപ്പോയതിനാല്‍ തെരച്ചില്‍ ശ്രമകരമാണ്. ഇതിനിടെ മരണസംഖ്യ ഉയരുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
Adjust Story Font
16