ആര്‍സിസിയില്‍ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എയ്ഡ്‌സ് ബാധയില്ല
ആര്‍സിസിയില്‍ രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എയ്ഡ്‌സ് ബാധയില്ല
ചെന്നൈയില്‍ റീജ്യണല്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍...
ആര്‍സിസിയില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടിക്ക് എയ്ഡ്‌സ് ബാധയില്ലെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ റീജ്യണല്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. റീജണല്‍ സെന്ററിന്റെ ദേശീയ സമിതി കൂടി വിശകലനം നടത്തേണ്ടതുണ്ടെന്ന് ആര്‍സിസി ഡയറക്ടര്‍. എച്ച്‌ഐവി ചികിത്സ ഇപ്പോള്‍ ആവശ്യമില്ലെന്നും വിലയിരുത്തല്‍. റിപ്പോര്‍ട്ടിന്റെ കോപ്പി മീഡിയ വണിന്.
ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ട്യൂബര്‍കുലോസിസില്‍ നടത്തിയ പ്ലാസ്മ വൈറല്‍ ലോഡ് ടെസ്റ്റിലാണ് എച്ച്‌ഐവി ബാധയില്ലെന്ന കണ്ടെത്തല്‍. എച്ച്‌ഐവിയില്ലെന്ന റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍ മീഡിയവണ്ണിനോട് പറഞ്ഞു.
ചെന്നൈ റീജനല്‍ സെന്ററിന്റെ ദേശീയ സമിതിയുടെ വിലയിരുത്തല്‍ കൂടി കാത്തിരിക്കുകയാണ് ആര്‍സിസി. നിലവില്‍ ചികിത്സ വേണ്ടെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എയ്ഡ്‌സ് ചികിത്സാ വിഭാഗം നിര്‍ദേശിച്ചതെന്നും ആര്‍സിസി ഡയറക്ടര്‍ പറഞ്ഞു. ആര്‍സിസിയിലും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലും നടത്തിയ പരിശോധനയില്‍ എച്ച്‌ഐവി ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ചെന്നൈ റീജനല്‍ സെന്ററില്‍ വിദഗ്ധ പരിശോധന നടത്തിയത്.
ആര്‍സിസിയില്‍ ചികിത്സയിലിരിക്കെ സ്വീകരിച്ച രക്തത്തിലൂടെ ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിക്ക് എയ്ഡ്‌സ് ബാധിച്ചെന്ന റിപ്പോര്‍ട്ടുകള്‍ വലിയ തോതില്‍ വിവാദമായിരുന്നു. എന്നാല്‍ സംഭവത്തില്‍ തിരുവനന്തപുരം ആര്‍സിസിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതേസമയം നാല് ആഴ്ചമുതല്‍ ആറ് മാസത്തിനുള്ളില്‍ വരെ രക്തദാതാവിന് എച്ച്‌ഐവി ബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ കണ്ടെത്താനുള്ള സംവിധാനം ആര്‍സിസിയില്‍ ഇല്ലെന്നത് ആശങ്കകള്‍ക്കിടയാക്കിയിരുന്നു.
Adjust Story Font
16