Quantcast

ജി സുധാകരന്റെ മണ്ഡലത്തിലെ റോഡുപണി നോക്കുകൂലി ആവശ്യപ്പെട്ട് തടസപ്പെടുത്തി

MediaOne Logo

Subin

  • Published:

    19 May 2018 11:11 AM GMT

ജി സുധാകരന്റെ മണ്ഡലത്തിലെ റോഡുപണി നോക്കുകൂലി ആവശ്യപ്പെട്ട് തടസപ്പെടുത്തി
X

ജി സുധാകരന്റെ മണ്ഡലത്തിലെ റോഡുപണി നോക്കുകൂലി ആവശ്യപ്പെട്ട് തടസപ്പെടുത്തി

ലോഡ് ഒന്നിന് 1200 രൂപ വീതം നല്‍കാമെന്ന് കരാറുകാര്‍ അറിയിച്ചു. 2000 രൂപ ലഭിക്കാതെ നിര്‍മാണം അനുവദിക്കില്ലെന്ന് എ.ഐ.ടി.യു.സിക്കാര്‍ കര്‍ശനനിലപാടെടുത്തു.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ മണ്ഡലത്തിലെ റോഡുപണി നോക്കുകൂലി ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി തടസപ്പെടുത്തി. ദേശീയപാതയില്‍ എസ്.ഡി കോളജിനു മുന്നില്‍ ഇന്റര്‍ലോക്ക് തറയോടുകള്‍ പാകുന്ന പണികളാണ് രണ്ടായിരം രൂപ നോക്കുകൂലി ആവശ്യപ്പെട്ട് തടസപ്പെടുത്തിയത്. അതേസമയം, നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ റോഡ് പണി തടസപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എ.ഐ.ടി.യു.സിയുടെ വാദം.

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പ്രത്യേകനിര്‍ദേശപ്രകാരമാണ് ദേശീയപാതയില്‍ എസ്.ഡി കോളജിനു മുന്നില്‍ ഇന്റലോക്ക് തറയോടുകള്‍ നിരത്തുന്നത്. ഈ പ്രവര്‍ത്തിയാണ് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ തടസപ്പെടുത്തിയത്. ടിപ്പര്‍ ലോറിയില്‍ എത്തിച്ച ഇന്റര്‍ലോക്ക് തറയോടുകള്‍ താഴെയിറക്കണമെങ്കില്‍ 2000 രൂപ നോക്കുകൂലി നല്‍കണമെന്ന് എ.ഐ.ടി.യു.സി നേതാക്കള്‍ ആവശ്യപ്പെട്ടു. ലോഡ് ഒന്നിന് 1200 രൂപ വീതം നല്‍കാമെന്ന് കരാറുകാര്‍ അറിയിച്ചു.

2000 രൂപ ലഭിക്കാതെ നിര്‍മാണം അനുവദിക്കില്ലെന്ന് എ.ഐ.ടി.യു.സിക്കാര്‍ കര്‍ശനനിലപാടെടുത്തു. ഇതോടെ പണികള്‍ തടസപ്പെട്ടു. ഇന്റര്‍ലോക്ക് തറയോടുകള്‍ നിരത്തുന്നതിനായി എത്തിയ 15 തൊഴിലാളികള്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കാതെ എ.ഐ.ടി.യു.സി പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നും കരാറുകാര്‍ പറയുന്നു. അതേസമയം, എ.ഐ.ടി.യു.സി നേതൃത്വം നോക്കുകൂലി ആവശ്യപ്പെട്ടു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എ.ഐ.ടി.യു.സി ജില്ലാസെക്രട്ടറി പറഞ്ഞു. വിഷയത്തില്‍ കരാറുകാര്‍ ജില്ലാലേബര്‍ ഓഫീസര്‍ക്ക് യാതൊരു പരാതിയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിര്‍മാണപ്രവര്‍ത്തനം നിലച്ചതോടെ എസ്.ഡി. കോളജിനു മുന്നിലൂടെ യാത്രചെയ്യുന്ന വിദ്യാര്‍ത്ഥികളും യാത്രക്കാരും ദുരിതത്തിലാണ്.

TAGS :

Next Story