Quantcast

എസ്ബിഐ - എസ്ബിടി ലയനത്തിനെതിരെ സഭയില്‍ ഉപക്ഷേപം

MediaOne Logo

Alwyn K Jose

  • Published:

    19 May 2018 9:17 PM GMT

എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുളള തീരുമാനത്തിനെതിരെ നിയമസഭയില്‍ ഉപക്ഷേപം.

എസ്ബിടിയെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരായ ഉപക്ഷേപം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാലിന്റെ എതിർപ്പോട് കൂടിയാണ് സഭ ഉപക്ഷേപം പാസാക്കിയത്. ഉപക്ഷേപത്തെ എതിർത്ത ഒ രാജഗോപാലിന്റെ നടപടി സഭാ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

ലയന നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ഉപക്ഷേപമാണ് സഭ ശബ്ദ വോട്ടോടെ പാസാക്കിയത്. നീക്കം ഉത്കണ്ഠയോടെയാണ് സഭ നോക്കിക്കാണുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. എസ്ബിടിയുടെ ലയനം സംസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടം ആയിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഉപക്ഷേപത്തെ അനുകൂലിച്ചപ്പോൾ ബിജെപി അംഗം ഒ രാജഗോപാൽ എതിർത്തു. മോദി വിരുദ്ധ വികാരം കൊണ്ടാണ് നിയമസഭ ലയനാ നീക്കത്തെ എതിർക്കുന്നത് എന്ന് രാജഗോപാൽ വാദിച്ചു.

സംസ്ഥാന താല്‍പര്യം സംരക്ഷിക്കാൻ ഒന്നിച്ചു നിന്ന പാരമ്പര്യമാണ് നിയമസഭക്കുള്ളതെന്നും ഇതിനു വിരുദ്ധമാണ് രാജഗോപാലിന്റെ നടപടിയെന്നും മന്ത്രി തോമസ് ഐസക് പ്രതികരിച്ചു. പ്രശ്നം നാടിന്റെ ശബ്ദമായി കണ്ട് ഉപക്ഷേപത്തെ അനുകൂലിക്കണമെന്ന് രാജഗോപാലിനോട് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു. എന്നാൽ രാജഗോപാൽ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു.

TAGS :

Next Story