ജോസ് കെ മാണിയെ വൈസ് ചെയര്‍മാനായി നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ അതൃപ്തി
ജോസ് കെ മാണിയെ വൈസ് ചെയര്‍മാനായി നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ അതൃപ്തി
കേരളാ കോണ്‍ഗ്രസ് ജന്മദിന സമ്മേളനത്തില്‍ പോലും പ്രഖ്യാപിക്കാതെ തിടുക്കത്തില്‍ തീരുമാനമെടുത്തതില്‍ ജോസഫ് വിഭാഗത്തിനൊപ്പം മാണി വിഭാഗത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ പോലും നീരസത്തിലാണ്.
ചര്‍ച്ച കൂടാതെ ജോസ് കെ മാണിയെ കേരളാ കോണ്‍ഗ്രസ് എം വൈസ് ചെയര്‍മാനായി നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ അതൃപ്തി. കേരളാ കോണ്‍ഗ്രസ് ജന്മദിന സമ്മേളനത്തില്‍ പോലും പ്രഖ്യാപിക്കാതെ തിടുക്കത്തില്‍ തീരുമാനമെടുത്തതില്‍ ജോസഫ് വിഭാഗത്തിനൊപ്പം മാണി വിഭാഗത്തിലെ ചില മുതിര്‍ന്ന നേതാക്കള്‍ പോലും നീരസത്തിലാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജോസ് കെ മാണിയെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് എത്തിക്കാനുള്ള തീരുമാനവുമായി കെ എം മാണി പാര്‍ട്ടി ഉന്നതാധികാര സമിതി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തത്. 2015 ഏപ്രിലില്‍ മാണി വിഭാഗവുമായി പി സി ജോര്‍ജ്ജ് തെറ്റിപ്പിരിഞ്ഞതോടെ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ഏക വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. വൈസ് ചെയര്‍മാന്‍ പ്രഖ്യാപനം എത്തിയതോടെ 35 ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായിരുന്ന ജോസ് കെ മാണി പാര്‍ട്ടിയുടെ തലപ്പത്തെ നാല് പേരില്‍ ഒരാളായി. വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫ്, ഡപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് എന്നിവരാണ് പാര്‍ട്ടി നേതൃനിരയിലുള്ളവര്‍.
പാര്‍ട്ടിയുടെ സുപ്രധാന തീരുമാനം കൈക്കൊണ്ട ചരല്‍കുന്ന് ക്യാംപിലോ ഒന്‍പതിന് കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലോ ചര്‍ച്ച ചെയ്യാതിരുന്ന തീരുമാനമാണ്, തിങ്കളാഴ്ച നടന്ന ഉന്നതാധികാരസമിതി യോഗത്തില്‍ കെ എം മാണി പ്രഖ്യാപിച്ചതെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പരാതി. ഇതില്‍ കെ എം മാണിക്കൊപ്പം നിലകൊള്ളുന്ന ചില മുതിര്‍ന്ന നേതാക്കളും അതൃപ്തരാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി പാര്‍ട്ടി പരിപാടികളുടെ നേതൃത്വം ജോസ് കെ മാണിയെ കെ എം മാണി ഏല്‍പ്പിക്കുന്നതില്‍ ഒളിഞ്ഞും തെളിഞ്ഞും ഉണ്ടായ നീരസമാണ് ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ പാര്‍ട്ടി വിടാന്‍ കാരണമായത്.
കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ഒന്നാമനായി ജോസ് കെ മാണിയെ എത്തിക്കുന്നതിനുള്ള ആദ്യ നടപടിയാണ് വൈസ് ചെയര്‍മാന്‍ പദവി പ്രഖ്യാപനത്തിലൂടെ ഉണ്ടായതെന്ന് ജോസഫ് വിഭാഗം കണക്കുകൂട്ടുന്നു. മുന്നണിബന്ധമില്ലാതെ നിലകൊള്ളുന്ന പാര്‍ട്ടിയുടെ ഭാവിതീരുമാനങ്ങളില്‍ നിര്‍ണ്ണായക നിലപാടുകള്‍ ജോസ് കെ മാണി സ്വീകരിച്ചാല്‍ അത് തങ്ങളുടെ ശബ്ദത്തെ ദുര്‍ബലമാക്കുമെന്നും ജോസഫ് വിഭാഗം ഭയപ്പെടുന്നു.
Adjust Story Font
16