ബ്ലൂ വെയില്‍ ഗെയിമിനെതിരെ ഡി.ജി.പി
കൗമാരപ്രായക്കാരെ ഇഞ്ചിഞ്ചായി കൊല്ലാകൊല ചെയ്യുന്ന, ജീവിതം തകർക്കുന്ന ഒരു ഓൺലൈൻ ഗെയിമാണ് ബ്ലൂ വെയില്‍
ബ്ലൂ വെയില്‍ ഗെയിമിനെതിരെ പോലീസ് മുന്നറിയിപ്പ്. ഗെയിം കളിക്കുന്നവരെ ശ്രദ്ധയില്‍ പെട്ടാല്‍ പോലീസിന്റെ ഹൈടെക് സെല്ലില്‍ അറിയിക്കണമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്റ അറിയിച്ചു. കുട്ടികളും കൌമാരക്കാരും ഈ ഗെയിമിന് അടിമപ്പെടാതെ നോക്കണമെന്നും അദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലായി നിരവധി കുട്ടികളെ സ്വയം മരണത്തിലേക്ക് കൊണ്ടുപോയ ബ്ലൂ വെയിൽ ഗെയിമിന് ചില രാജ്യങ്ങളിൽ നേരത്തെ തന്നെ നിയന്ത്രണം കൊണ്ടുവന്നിരുന്നു. അറബ് രാജ്യങ്ങളിലെല്ലാം ബ്ലൂ വെയില്‍ ഗെയിം വിലക്കിയിട്ടുണ്ട്. കൗമാരപ്രായക്കാരെ ഇഞ്ചിഞ്ചായി കൊല്ലാകൊല ചെയ്യുന്ന, ജീവിതം തകർക്കുന്ന ഒരു ഓൺലൈൻ ഗെയിമാണ് ബ്ലൂ വെയില്‍.
അൻപത് സ്റ്റേജുകളുള്ള ഈ ഗെയിമിലെ അവസാന ഭാഗം ആത്മഹത്യയ്ക്ക് വെല്ലുവിളിക്കുന്നതാണ്. ഇതിനിടെ ചില സ്റ്റേജുകളിൽ കയ്യിൽ മുറിവേൽപ്പിച്ച് രക്തം പുറത്തുകാണിച്ചുള്ള ദൗത്യവും നടക്കുന്നു. ബ്ലൂ വെയില്‍ ഗെയിമിന്റെ തുടക്കം റഷ്യയിലാണ്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും പ്രചരിക്കുകയായിരുന്നു. നേരത്തെ ബ്രിട്ടനും ഈ ഗെയിമിനെതിരെ രംഗത്തുവന്നിരുന്നു. ആദ്യ ഭാഗങ്ങളിൽ പ്രത്യേകം പ്രേത സിനിമകൾ കാണാനാണ് ആവശ്യപ്പെടുന്നത്. ഓരോ ഘട്ടത്തിലും ചെയ്യുന്നതിന് തെളിവുകളും സമർപ്പിക്കണം. കയ്യിൽ മുറുവേൽപ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കിൽ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ഇത്തരത്തിൽ മുറിവേൽപ്പിച്ച കുട്ടികളുടെ ചിത്രങ്ങളും സോഷ്യൽമീഡിയകളിൽ കാണാം. കൗമാര ജീവതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഇതിനെതിരെ രാജ്യാന്തതലത്തിൽ വ്യാപക പരാതികൾ വരുന്നുണ്ട്.
അതേസമയം, ഈ ഗെയിം ഒരു തവണ ഇൻസ്റ്റാൾ ചെയ്തു കളിച്ചാൽ പിന്നീട് പിന്തിരിയാൽ സാധിക്കില്ലെന്നും പറയപ്പെടുന്നു. ഗെയിം ഇൻസ്റ്റാൾ ചെയ്യുന്നതോടെ വ്യക്തിയുടെ എല്ലാ നീക്കങ്ങളും രഹസ്യമായി ഗെയിം നിർമാതാക്കൾ ചോർത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
Adjust Story Font
16