Quantcast

പനിയെ വിജയകരമായി നിയന്ത്രിച്ച് ആലപ്പുഴ

MediaOne Logo

Subin

  • Published:

    20 May 2018 12:39 AM GMT

പനിയെ വിജയകരമായി നിയന്ത്രിച്ച് ആലപ്പുഴ
X

പനിയെ വിജയകരമായി നിയന്ത്രിച്ച് ആലപ്പുഴ

ജില്ലയില്‍ നടപ്പാക്കിയ പ്രതിരോധ പദ്ധതികളുടെ ഭാഗമായാണ് ഈ മാറ്റമുണ്ടാക്കാനായതെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വേനല്‍ മഴ ശക്തമായപ്പോള്‍ രൂക്ഷമായി പകര്‍ച്ചപ്പനി പടര്‍ന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. എന്നാല്‍ ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് പനി ബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ ഒന്നുമാണ്. ജില്ലയില്‍ നടപ്പാക്കിയ പ്രതിരോധ പദ്ധതികളുടെ ഭാഗമായാണ് ഈ മാറ്റമുണ്ടാക്കാനായതെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ അവകാശപ്പെടുന്നത്.

രണ്ടാഴ്ചക്കിടെ ജില്ലയില്‍ വൈറല്‍പ്പനിക്ക് ചികിത്സ തേടിയെത്തിയത് 3,772 പേര്‍. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആലപ്പുഴ ജില്ലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടിയത് 7,676പേരായിരുന്നു. രണ്ടുമാസങ്ങളിലായി 17 എച്ച് വണ്‍ എന്‍വണ്‍ പനി കേസുകളാണ് അന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഒന്നര മാസത്തിനിടെ 302 പേര്‍ക്കാണ് ചിക്കന്‍പോക്‌സ് പിടിപെട്ടത്. ഏപ്രിലില്‍ 13 ഡങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വേനല്‍മഴ ശക്തമായി കാലാവസ്ഥ പെട്ടെന്ന് മാറിയതായിരുന്നു അന്ന് പനി പടര്‍ന്നതിന് കാരണം. ഈ വര്‍ഷവും കാലാവസ്ഥയെ അടിസ്ഥാനമാക്കിയായിരിക്കും സ്ഥിതിഗതികളെന്നാണ് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

പക്ഷേ ഈ വര്‍ഷം ഇതുവരെ ആശങ്കപ്പെടുത്തുന്ന സ്ഥിതിയൊന്നും ജില്ലയില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ രണ്ടര മാസം കൊണ്ട് ഇരുപതില്‍ താഴെ എലിപ്പനിക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് എഴുപതിലധികമായിരുന്നു. മറ്റെല്ലാ പകര്‍ച്ചപ്പനികളുടെ കാര്യത്തിലും ഇതേ തോതിലുള്ള കുറവ് ഉണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കിയ പ്രതിരോധം പരിപാടിയുടെ വിജയമാണ് ഈ മാറിയ സ്ഥിതിവിശേഷത്തിന് കാരണമെന്ന് ആരോഗ്യവകുപ്പ് ജില്ലാതല അധികൃതര്‍ പറയുന്നു.

TAGS :

Next Story