പി കരുണാകരന്‍ എംപി അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി
പി കരുണാകരന്‍ എംപി അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി
കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ നിലേശ്വരം പള്ളിക്കരയില്‍ റയില്‍വേ മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക എന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം
കാസര്‍കോട് നീലേശ്വരത്ത് പി കരുണാകരന്‍ എംപി അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹം തുടങ്ങി. കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ നിലേശ്വരം പള്ളിക്കരയില്‍ റയില്‍വേ മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ ആരംഭിക്കുക എന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം. പി കെ ശ്രീമതി ടീച്ചര്‍ സമരം ഉദ്ഘാടനം ചെയ്തു. എന്‍ എച്ച് 66ല്‍ റെയില്‍വേ മേല്‍പ്പാലമില്ലാത്ത ഏക സ്ഥലമാണ് നിലേശ്വരം പള്ളിക്കര.
മുംബൈ മുതല്‍ കന്യാകുമാരി വരെയുള്ള ദേശീയ പാത 66ല്‍ വാഹനങ്ങള്‍ റെയില്‍വേ ഗേറ്റ് തുറക്കുന്നതും കാത്ത് നില്‍ക്കേണ്ടിവരുന്ന ഏക സ്ഥലം കാസര്‍കോട് ജില്ലയിലെ നിലേശ്വരം പള്ളിക്കര മാത്രമാണ്. ഗേറ്റ് അടച്ചുകഴിഞ്ഞാല്‍ കിലോമീറ്ററുകളോളമാണ് വാഹനങ്ങളുടെ നീണ്ട നിര. 2006-2007 കേന്ദ്ര റെയില്‍വേ ബജറ്റില്‍ തന്നെ മേല്‍പ്പാലം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞും മേല്‍പ്പാലം വന്നില്ല. 2014-2015 കേന്ദ്ര റെയില്‍വേ ബജറ്റിലും ഫണ്ട് വകയിരുത്തി. ഒടുവില്‍ 2016ല്‍ സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ നടപടികള്‍ക്ക് തീരുമാനം ആയി. എന്നാല്‍ ആ തീരുമാനവും കടലാസിലൊതുങ്ങി.
റെയില്‍വേ ഗേറ്റിലെ ദുരിതം ഏറിയതോടെ ജനകീയ പ്രതിഷേധം കണക്കിലെടുത്താണ് എംപിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം തുടങ്ങിയത്. പി കെ ശ്രീമതി എംപി സമരം ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് റെയില്‍വേ മേല്‍പ്പാലം വരുന്നതിന് തടസ്സമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.
Adjust Story Font
16