ശാസ്ത്രാവബോധം എന്നൊന്നുണ്ട്, എന്തും പറയാമെന്നാണോ? റുബല്ല വാക്സിനെതിരായ ആരിഫ് എംഎല്‍എയുടെ നിലപാടിനെതിരെ ഡോ ഷിംന അസീസ്
ശാസ്ത്രാവബോധം എന്നൊന്നുണ്ട്, എന്തും പറയാമെന്നാണോ? റുബല്ല വാക്സിനെതിരായ ആരിഫ് എംഎല്‍എയുടെ നിലപാടിനെതിരെ ഡോ ഷിംന അസീസ്
ഇങ്ങനൊരു എംഎല്‍എ ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്‌സിനേഷൻ കവറേജ് 95 ശതമാനത്തിന് മുകളിലാണ്. താങ്കളെപ്പോലെയല്ല, ജനങ്ങൾക്ക് ബോധവും ബോധ്യവുമുണ്ടെന്ന് ഡോ ഷിംന അസീസ്
മനസ്സില്ലാമനസ്സോടെയാണ് മീസിൽസ് റുബെല്ല വാക്‌സിനേഷനെ പിന്തുണച്ചതെന്ന എ എം ആരിഫ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ആരോഗ്യപ്രവര്‍ത്തകയായ ഡോ ഷിംന അസീസ്. തന്‍റെ കുട്ടികൾക്ക് വാക്സിന്‍ കൊടുത്തല്ല വളർത്തിയതെന്ന് പറഞ്ഞ എംഎല്‍എയെ ശാസ്ത്രാവബോധം എന്നൊന്നുണ്ടെന്ന് ഡോ ഷിംന ഓര്‍മിപ്പിച്ചു. സമൂഹത്തിലെ മക്കളോടും സ്വന്തം മക്കളോടും സ്‌നേഹം വേണം. അവർക്ക് വേണ്ടി ചുറ്റുമൊരു കാര്യം നടക്കുമ്പോൾ അതെന്താണെന്ന് അറിയാൻ ശ്രമിക്കണം. ജയിപ്പിച്ചു വിട്ട ജനങ്ങളോട് കടമയും കടപ്പാടുമുണ്ടാവണമെന്നും ഷിംന ഫേസ് ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.
ഇത്തരമൊരു അശാസ്ത്രീയത സംസാരിക്കാൻ എങ്ങനെ കഴിയുന്നു? സർക്കാർ പദ്ധതിക്കെതിരെ മൈക്കിന് മുന്നിൽ ജനനേതാവിന് എന്തും വിളിച്ച് പറയാമെന്നാണോ? ഈ വിഷയം പഠിച്ചിട്ടുണ്ടോ? മീസിൽസ് റുബല്ല വാക്സിനേനെഷൻ കാരണം ഒഴിവാക്കപ്പെടുന്ന ദുരന്തങ്ങളെക്കുറിച്ചും എന്തെങ്കിലും അറിഞ്ഞിട്ട് തന്നെയാണോ ഈ പറഞ്ഞതൊക്കെ എന്നും ഷിംന ചോദിക്കുന്നു.
വാക്സിനേഷന്‍ നല്‍കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ മുന്നിട്ടിറങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ കായികമായിപ്പോലും ആക്രമിക്കപ്പെട്ടത് ഡോ ഷിംന ചൂണ്ടിക്കാട്ടി. കുഞ്ഞുങ്ങൾ മീസിൽസ് വന്ന് മരിക്കാതിരിക്കാനും അടുത്ത തലമുറ റുബല്ലയുള്ള അമ്മയുടെ ഉദരത്തിൽ വളർന്ന് അന്ധതയും ബധിരതയും ബുദ്ധിമാന്ദ്യവും ഹൃദയവൈകല്യവും അനുഭവിക്കാതിരിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത് കണ്ടില്ലേയെന്ന് ഡോക്ടര്‍ ചോദിക്കുന്നു. ശാപവാക്കുകളും കയ്യേറ്റവും ഒരുപാട് സഹിച്ചു. ഡോക്‌ടർ ക്രൂരമായി അക്രമിക്കപ്പെട്ടു. നഴ്‌സിന്റെ കൈ പിടിച്ചു തിരിച്ചൊടിച്ചു. എന്നിട്ടും ആരോഗ്യപ്രവർത്തകർ പിന്മാറിയില്ല. ഇങ്ങനെയൊക്കെ പടപൊരുതിയാണ് നമ്മുടെ കുഞ്ഞുങ്ങളിൽ ഭൂരിപക്ഷവും സുരക്ഷിതരായത്. നിങ്ങളെപ്പോലെ കുറെയേറെ പിന്തിരിപ്പന്മാരുണ്ടായിട്ടും ഞങ്ങളെക്കൊണ്ടതിന് സാധിച്ചെന്നും ഡോക്ടര്‍ എംഎല്‍എയെ ഓര്‍മിപ്പിച്ചു.
ഇങ്ങനൊരു എംഎല്‍എ ഉണ്ടായിട്ടും ആലപ്പുഴയിലെ വാക്‌സിനേഷൻ കവറേജ് 95 ശതമാനത്തിന് മുകളിലാണ്. താങ്കളെപ്പോലെയല്ല, ജനങ്ങൾക്ക് ബോധവും ബോധ്യവുമുണ്ടെന്ന് പറഞ്ഞാണ് ഡോക്ടര്‍ ഷിംന ഫോസ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
Adjust Story Font
16