കീഴാറ്റൂരില്‍ അനുനയ നീക്കവുമായി സിപിഎം
കീഴാറ്റൂരില്‍ അനുനയ നീക്കവുമായി സിപിഎം
വയല്‍കിളി സമരത്തില്‍ പങ്കെടുത്തതിന് പാര്‍ട്ടി പുറത്താക്കിയ 11 അംഗങ്ങളുടെ വീടുകളില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സന്ദര്‍ശനം നടത്തുകയാണ്.
കീഴാറ്റൂര്‍ ദേശീയപാതാ വിരുദ്ധ സമരത്തില്‍ അനുനയ നീക്കവുമായി സിപിഎം. സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ 11 പേരുടെ വീടുകളിലെത്തി ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചര്‍ച്ച നടത്തി. വയല്‍കിളികള്‍ പ്രഖ്യാപിച്ച ലോംങ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നും മാപ്പപേക്ഷ എഴുതി നല്‍കി പാര്‍ട്ടി അംഗത്വത്തിലേക്ക് തിരിച്ചെത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം.
കണ്ണൂരിലെ സിപിഎമ്മിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണമായ സംഭവത്തിനാണ് ഇന്ന് കീഴാറ്റൂര്‍ സാക്ഷ്യം വഹിച്ചത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് ദേശീയപാത വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ അംഗത്വത്തില്‍ നിന്ന് പുറത്താക്കിയ 11 പേരുടെ വീടുകളില്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുകയായിരുന്നു. രാവിലെ ഏഴരയോടെ ജില്ലാ കമ്മറ്റി അംഗം കെ സന്തോഷ്, ലോക്കല്‍ കമ്മറ്റി അംഗം വി രാഘവന്‍ എന്നിവര്‍ക്കൊപ്പമാണ് ജയരാജന്‍ കീഴാറ്റൂരിലെത്തിയത്. വയല്‍കിളികള്‍ പ്രഖ്യാപിച്ച ലോംങ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നും പാര്‍ട്ടി വിലക്ക് ലംഘിച്ച് സമരത്തില്‍ പങ്കെടുത്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായി രേഖാമൂലം എഴുതി നല്‍കിയാല്‍ അംഗത്വത്തിലേക്ക് തിരികെയെടുക്കുന്നതടക്കമുളള കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിക്കുമെന്നും ജയരാജന്‍ ഇവരെ അറിയിച്ചു.
ജയരാജന്‍റെ സന്ദര്‍ശനം സിപിഎമ്മിന്‍റെ ആഭ്യന്തര കാര്യമാണെന്നും സമരക്കാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടി ജില്ലാ സെക്രട്ടറി മുന്‍കൈ എടുക്കണമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സമരത്തിലേക്ക് വഴിതെറ്റിയവരെ രാഷ്ട്രീയ എതിരാളികളായി കാണുന്നില്ലെന്നും വഴിതെറ്റിയവരെ നേര്‍വഴിക്ക് നയിക്കാനാണ് കീഴാറ്റൂരില്‍ സന്ദര്‍ശനം നടത്തിയതെന്നും പി ജയരാജന്‍ ഫേസ് ബുക്കില്‍ പ്രതികരിച്ചു.
Adjust Story Font
16