ഹയര്‍സെക്കണ്ടറി അധ്യാപകര്‍ മൂല്യ നിര്‍ണയ ക്യാമ്പ് ബഹിഷ്കരിച്ചു
പ്രതിഷേധം ഹയര്‍സെക്കണ്ടറി-ഹൈസ്ക്കൂള്‍ ലയനത്തിന് എതിരെ
ഹയര്‍സെക്കണ്ടറി മൂല്യ നിര്‍ണയ ക്യാമ്പുകള്‍ ബഹിഷ്കരിച്ച് അധ്യാപകരുടെ സമരം. ഹൈസ്ക്കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗങ്ങളെ ലയിപ്പിക്കാനുള്ള നീക്കത്തിന് എതിരെയാണ് പ്രതിഷേധം. 153 മൂല്യ നിര്‍ണ ക്യാമ്പുകളാണ് സംസ്ഥാനത്താകെ ഇന്ന് ബഹിഷ്കരിച്ചത്.
ഹയര്‍സെക്കണ്ടറി വകുപ്പിനെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും നിയമസഭയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിവിധ ഹയര്‍സെക്കണ്ടറി അധ്യാപക സംഘടനകളുടെ സംയുക്ത വേദിയായ ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മൂല്യ നിര്‍ണയ ക്യാമ്പുകള്‍ ഇന്ന് ബഹിഷ്കരിച്ചത്. സംസ്ഥാനത്തെ 153 മൂല്യ നിര്‍ണയ ക്യാമ്പുകളില്‍ നിന്നും ഭൂരിഭാഗം അധ്യാപകരും വിട്ടു നിന്നതായി നേതാക്കള്‍ അവകാശപ്പെട്ടു.
ലയനം നടക്കുമ്പോള്‍ നിലവിലെ സേവന-വേതന വ്യവസ്ഥകള്‍ അട്ടിമറിക്കപ്പെടുമെന്നാണ് അധ്യാപകരുടെ ആശങ്ക. വ്യത്യസ്ത രീതിയുള്ള സ്ഥാനക്കയറ്റ പാറ്റേണ്‍ പിന്തുടരുന്ന വിഭാഗങ്ങള്‍ ഒന്നാകുമ്പോള്‍ സര്‍വീസ്പരമായ കാര്യങ്ങള്‍ തകിടം മറിയും. ഹയര്‍സെക്കണ്ടറിയിലെ സീനിയര്‍, ജൂനിയര്‍ അധ്യാപക വ്യവസ്ഥിതികളില്‍ മാറ്റം വരുകയും അതോടെ താഴ്ന്ന ക്ലാസുകളില്‍ പഠിപ്പിക്കേണ്ട സാഹചര്യം വരുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് അധ്യാപക സംഘടനകളുടെ നിലപാട്. നാല് അധ്യാപക സംഘടനകളാണ് നിലവില്‍ ലയനത്തിന് എതിരെ സമര രംഗത്തുള്ളത്.
Adjust Story Font
16