കൊച്ചിയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി പദ്ധതി
കൊച്ചിയില്‍ മാലിന്യത്തില്‍ നിന്ന് വൈദ്യുതി പദ്ധതി
പൊതു-സ്വകാര്യപങ്കാളിത്തത്തില്‍ പദ്ധതി സ്ഥാപിക്കുന്നത് ബ്രഹ്മപുരത്ത്
നഗരത്തിലെ മാലിന്യങ്ങള്‍ സംസ്ക്കരിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യസംസ്ക്കരണ ശാല കൊച്ചി ആരംഭിക്കുന്നു. കൊച്ചി കോര്‍പേറഷന്‍റെ മാലിന്യസംസ്ക്കരണ ശാല സ്ഥിതിചെയ്യുന്ന ബ്രഹ്മപുരത്താണ് പൊതു സ്വകാര്യ സംരംഭമായി പ്ലാന്‍റ് വരുന്നത്. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിയുമായി കരാറിലെത്തിയതായും നിര്‍മാതാക്കളായ ജി.ജെ ഇക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അറിയിച്ചു.
കൊച്ചി നഗരത്തിലെ മാലിന്യങ്ങള്‍ സംസ്ക്കരിച്ച് അതില്‍ നിന്ന് ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് പുതിയ പദ്ധതി. മുതല്‍മുടക്കി നിര്‍മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറുന്ന മാതൃകയിലാണ് പദ്ധതി ആരംഭിക്കുന്നത്. 375 കോടിരൂപയാണ് മുതല്‍മുടക്ക്. ടെണ്ടറിലൂടെയാണ് കൊച്ചി കോര്‍പറേഷനില്‍ നിന്ന് ഇതിനുള്ള ജി.ജെ ഇക്കോ പവര്‍ പ്രൈവറ്റ് ലിമിറ്റഡ് കരാര്‍ സ്വന്തമാക്കിയത്. ബ്രഹ്മപുരത്തെ സ്ഥലം 20 ഏക്കര്‍ ഭൂമി 20 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്താണ് പ്ലാന്‍റ് സ്ഥാപിക്കുന്നത്.
നാല് വര്‍ഷത്തിലേറെ നീണ്ട പഠനത്തിനൊടുവിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. പ്രതിദിനം 330 ടണ്‍ മാലിന്യത്തില്‍ നിന്ന് 10 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. യൂണിറ്റിന് 15 രൂപ നിരക്കില്‍ വൈദ്യുതി കെഎസ്ഇബിക്ക് വില്‍ക്കാന്‍ ധാരണയായിട്ടുണ്ട്. ബയോഡൈയിങ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റ് പാരിസ്ഥിതക പ്രശ്നങ്ങളൊന്നും തന്നെ വരുത്തില്ലെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. വി ഗാര്‍ഡ് ഉടമ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയും പദ്ധതിയുടെ ഭാഗമാണ്. നിര്‍മാണം ആരംഭിച്ച് 2 വര്‍ഷം കൊണ്ട് പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാനാകുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
Adjust Story Font
16