Quantcast

വിചാരധാരക്ക്​ ശേഷം വെള്ളം ഒരുപാടൊഴുകി – കെ. സുരേന്ദ്രൻ

MediaOne Logo

admin

  • Published:

    24 May 2018 12:08 PM GMT

വിചാരധാരക്ക്​ ശേഷം വെള്ളം ഒരുപാടൊഴുകി – കെ. സുരേന്ദ്രൻ
X

വിചാരധാരക്ക്​ ശേഷം വെള്ളം ഒരുപാടൊഴുകി – കെ. സുരേന്ദ്രൻ

കള്ളനോട്ടടി കേസ്​ വെച്ച്​ ബി.ജെ.പിയെ കുറ്റവാളിയാക്കാൻ പ്രസ്​താവന നടത്തുന്ന കോടിയേരിയും സംഘവും വെറുതെ നാവിട്ടടിച്ച്​ സമയം കളയുന്നതെന്തിനാണ്​, പൊലീസും മറ്റ്​ സർക്കാർ സംവിധാനങ്ങളുമെല്ലാം കൈയ്യിലില്ലേയെന്നും സുരേന്ദ്രന്‍

‘വിചാരധാര’ക്ക്​ ശേഷം വെള്ളം ഒരുപാടൊഴുകിയെന്നും സാഹചര്യങ്ങൾ മാറിയെന്നും ബി.ജെ.പി കേരള ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. റിയാദിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു. സംഘ്​ പരിവാറി​​െൻറ പ്രമാണിക ഗ്രന്ഥമായ വിചാരധാര മുസ്​ലീങ്ങളെ പ്രധാന ശത്രുവായല്ലേ എണ്ണിയതെന്ന ചോദ്യത്തോടുള്ള പ്രതികരണമായാണ്​ അതെഴുതേണ്ടിവന്ന സന്ദർഭവും ഇപ്പോഴത്തേതും തമ്മിൽ വ്യത്യാസമുണ്ടെന്ന്​ അദ്ദേഹം പറഞ്ഞത്​. ഇതുവെച്ച്​ ഞാനിനി വിചാരധാരയെ തള്ളിപ്പറഞ്ഞെന്ന്​ എഴു​തിക്കളയ​ല്ലേ എന്നും സുരേന്ദ്രൻ ചിരിയോടെ കൂട്ടിച്ചേർത്തു. ഇന്ത്യൻ മുസ്​ലീങ്ങളെ ബി.ജെ.പിയോ സംഘ്​പരിവാറോ ശത്രുസ്ഥാനത്ത്​ നിറുത്തിയിട്ടില്ല.

മുസ്​ലീങ്ങൾ ഇന്ത്യയുടെ ഭാഗമാണ്​. ധാരാളം പേർ പാർട്ടിയിലേക്ക്​ കടന്നുവരുന്നുണ്ട്​. എന്നാൽ രാജ്യത്തെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ എടുത്ത്​ മുസ്​ലീങ്ങളിൽ ഭീതി വിതയ്​ക്കാനും ബി.ജെ.പിക്കെതിരെ അവരെ തിരിച്ചുവിടാനും ഒരുപറ്റം മാധ്യമങ്ങളും ഇടതുപക്ഷവും ശ്രമം നടത്തുകയാണ്​. ചില സംഭവങ്ങളുണ്ടാവുന്നു എന്നത്​ ശരിയാണ്​. ചില ഫ്രിഞ്ച്​ ഗ്രൂപ്പുകളാണ്​ അത്​ ചെയ്യുന്നത്​. അവരുമായി സംഘ്​പരിവാറിന്​ ഒരു ബന്ധവുമില്ല. ഗോരക്ഷയുടെ പേരിൽ മുസ്​ലീങ്ങൾക്കെതിരെ നടന്ന അക്രമങ്ങളെ, ദലിതാക്രമങ്ങൾക്കെതിരെ എടുത്തതുപോലുള്ള നിലപാട്​ പ്രധാനമന്ത്രി സ്വീകരിച്ചിട്ടുണ്ട്​. ശക്തമായി അതിനെ അപലപിച്ചിട്ടുണ്ട്​. മഞ്ചേശ്വരം തെരഞ്ഞെടുപ്പ്​ കേസ്​ ജയിക്കുമോ എന്ന ചോദ്യത്തോട്​ കോടതിയിലാണ്​ തനിക്ക്​ വിശ്വാസമെന്നും ഹർജിക്ക്​ ഉപോദ്​ബലകമായ തെളിവുകളെല്ലാം ശേഖരിച്ച്​ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

പരേതരെന്നും തെരഞ്ഞെടുപ്പ്​ സമയത്ത്​ ഗൾഫിലായിരുന്നെന്നും​ ആരോപിക്കപ്പെട്ടവർ സുരേന്ദ്രനെതിരെ കേസ്​ നൽകാനൊരുങ്ങുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന്​ ഒരു കേസിലെ സാക്ഷികൾ മാത്രമാണ്​ അവരെന്നും സാക്ഷികൾ പരാതിക്കാരനെതിരെ കേസ്​ കൊടുത്ത ചരിത്രം ലോകത്തുണ്ടോ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു.

ഇന്ത്യയിൽ ഇതുവരെയുണ്ടായിട്ടുള്ള തെരഞ്ഞെടുപ്പ്​ കേസുകളെല്ലാം വിജയിച്ച ചരിത്രമില്ലെന്നും എന്നാൽ തെരഞ്ഞെടുപ്പുകളിൽ നടമാടുന്ന ഒരുപാട്​ തെറ്റായ പ്രവണതകൾക്കെതിരെയുള്ള ചൂണ്ടുപലകയാവുകയാണ്​ ത​​െൻറ കേസെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. തൃശൂരിലെ വ്യാജനോട്ടിലെ കേസിലെ പ്രതികൾക്കൊപ്പമുള്ള ഫോ​േട്ടാ വെച്ച്​ ഒരാളെ കുറ്റവാളിയായി ചിത്രീകരിക്കുന്നത്​ നീതിയാണോ എന്നും അദ്ദേഹം ചോദിച്ചു. സെൽഫ​ിയെടുക്കു​േമ്പാൾ ഒപ്പമുള്ളത്​ ആരാണെന്ന്​ നോക്കാറില്ല. അങ്ങനെ ​ചിക്കിച്ചികഞ്ഞ്​ ഉറപ്പുവരുത്തിയിട്ട്​ സെൽഫിക്ക്​ നിക്കാൻ സമയം കിട്ടുമോ? വ്യാജനോട്ടടിച്ചവർ ഗുരുതര കുറ്റമാണ്​ ചെയ്​തത്​. ഒരുതരത്തിലുള്ള ദയയും പ്രതികളോടുണ്ടാവരുത്​. കള്ളനോട്ടടി കേസ്​ വെച്ച്​ ബി.ജെ.പിയെ കുറ്റവാളിയാക്കാൻ പ്രസ്​താവന നടത്തുന്ന കോടിയേരിയും സംഘവും വെറുതെ നാവിട്ടടിച്ച്​ സമയം കളയുന്നതെന്തിനാണ്​, പൊലീസും മറ്റ്​ സർക്കാർ സംവിധാനങ്ങളുമെല്ലാം കൈയ്യിലില്ലേ, അതുവെച്ച്​ സമഗ്രാന്വേഷണം നടത്തി തെളിയിക്കാൻ ശ്രമിച്ചുകൂടെ എന്നും സുരേന്ദ്രൻ ചോദിച്ചു.

നജിം കൊച്ചുകലുങ്ക് ( കടപ്പാട്: മാധ്യമം)

TAGS :

Next Story