എകെജി ബാലപീഡകനെന്ന വിവാദ പരാമര്‍ശത്തിന് വി ടി ബല്‍റാം നല്‍കുന്ന വിശദീകരണമിങ്ങനെ..
എകെജി ബാലപീഡകനെന്ന വിവാദ പരാമര്‍ശത്തിന് വി ടി ബല്‍റാം നല്‍കുന്ന വിശദീകരണമിങ്ങനെ..
എകെജിയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് ബല്‍റാമിന്‍റെ വിശദീകരണം
കമ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലനെ ബാലപീഡകനെന്ന് വിളിച്ച വി ടി ബല്‍റാം എംഎല്‍എ വിശദീകരണവുമായി രംഗത്ത്. എകെജിയെ കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയരുന്നതിനിടെയാണ് ബല്‍റാമിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.
"പോരാട്ടകാലങ്ങളിലെ പ്രണയം" എന്ന തലക്കെട്ടില്‍ ദ് ഹിന്ദു ദിനപത്രം 2001 ഡിസംബർ 20ന് പ്രസിദ്ധീകരിച്ച വാർത്തയാണ് ബല്‍റാം ഫേസ് ബുക്ക് കുറിപ്പില്‍ ആദ്യം പരാമര്‍ശിക്കുന്നത്. ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് എ കെ ഗോപാലൻ എന്ന മധ്യവയസ്കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാർത്തയിൽ പറയുന്നു. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലയ്ക്ക് 10 വർഷത്തോളം നീണ്ട പ്രണയം തുടങ്ങുന്ന കാലത്ത് അവർക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നതേയുള്ളൂ. 1940കളുടെ തുടക്കത്തിൽ സുശീലയുടെ വീട്ടിൽ എകെജി ഒളിവിൽ കഴിഞ്ഞപ്പോഴാണ് അവർ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാർത്തയിൽ പറയുന്നു. 1929 ഡിസംബറിൽ ജനിച്ച സുശീലക്ക്, 1940ന്‍റെ തുടക്കത്തിൽ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്ന് വ്യക്തമാണെന്നും ബല്‍റാം വിശദമാക്കി.
എ കെ ഗോപാലന്റെ ആത്മകഥയിലെ പരാമര്‍ശങ്ങളാണ് രണ്ടാമതായി ബല്‍റാം ചൂണ്ടിക്കാട്ടുന്നത്. ഒളിവിൽ കഴിയുന്ന കാലത്ത് അഭയം നൽകിയ വീട്ടിലെ സ്കൂൾ വിദ്യാർത്ഥിനിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജി വിശദമാക്കുന്നുണ്ടെന്നാണ് ബല്‍റാമിന്‍റെ വാദം. ഒളിവ് ജീവിതത്തിനുശേഷം ജയിലിലായപ്പോള്‍ പുറത്ത് പ്രണയാർദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ച് അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിൽമോചിതനായ ശേഷം ആദ്യ ഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന 'മമത'യും ആത്മകഥയിൽ നിന്ന് വായിച്ചെടുക്കാമെന്നാണ് ബല്‍റാമിന്‍റെ ന്യായീകരണം.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എകെജിയെ കുറിച്ച് ഏവര്‍ക്കും മതിപ്പുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തെ കുറിച്ച് ലഭ്യമായ വിവരങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് വാശിപിടിച്ചാല്‍ നടക്കില്ലെന്നും ബല്‍റാം പറയുന്നു. അഭിപ്രായം പറഞ്ഞ എഴുത്തുകാരൻ സക്കറിയയെ മുന്‍പ് കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് കരുതി അത്തരം അസഹിഷ്‌ണുത എപ്പോഴും വിജയിക്കില്ല. പറയേണ്ടത് പറഞ്ഞിട്ടേ പോകുന്നുള്ളൂ എന്ന ഹാഷ് ടാഗ് നല്‍കിയാണ് ബല്‍റാം ഫേസ് ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
Adjust Story Font
16