ഹെലികോപ്റ്റര്‍ വിവാദം; റവന്യു സെക്രട്ടറിയോട് വിശദീകരണം തേടി
- Published:
24 May 2018 10:48 AM GMT
ഹെലികോപ്റ്റര്‍ വിവാദം; റവന്യു സെക്രട്ടറിയോട് വിശദീകരണം തേടി
ഓഖി ഫണ്ട് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിന്റെ കാര്യത്തില്‍ റവന്യു മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും രണ്ട് തട്ടില്‍
മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണം അനുവദിച്ച സംഭവത്തില്‍ റവന്യു സെക്രട്ടറിക്കെതിരെ നടപടിയെടുക്കാനൊരുങ്ങി റവന്യു മന്ത്രി. സര്‍ക്കാരിന് അവമതിയുണ്ടാക്കിയ ഉത്തരവില്‍ റവന്യു സെക്രട്ടറി പി.എച്ച് കുര്യനോട് വിശദീകരണം തേടി. എന്നാല്‍ ചട്ടപ്രകാരമാണ് ഉത്തരവെന്നും നടപടി ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്.
സിപിഎം തൃശൂര്‍ ജില്ലാ സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്യാന്‍ മുഖ്യമന്ത്രി ഹെലികോപ്ടര്‍ ഉപയോഗിച്ചതിന്റെ തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിച്ചുകൊണ്ടുള്ള റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്റെ ഉത്തരവ് റദ്ദാക്കിയെങ്കിലും വിവാദം അവസാനിക്കുന്നില്ല. താനറിയാതെ ഇങ്ങനെയൊരു ഉത്തരവിറക്കിയ റവന്യു സെക്രട്ടറിയുടെ പ്രവൃത്തിയില്‍ റവന്യു മന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. കുര്യനെതിരെ നടപടി വേണമെന്നാണ് റവന്യു മന്ത്രിയുടെ നിലപാട്. ഇതിന്റെ തുടക്കമെന്നോണമാണ് ഉത്തരവില്‍ സെക്രട്ടറിയോട് വിശദീകരണം തേടിയത്. മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിയാതെ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ ഉത്തരവ് ഇറക്കിയത് സംബന്ധിച്ച് ഇന്ന് വൈകുന്നേരത്തിന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ റവന്യു സെക്രട്ടറിക്ക് പൂര്‍ണ പിന്തുണ നല്‍കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഉത്തരവില്‍ തെറ്റില്ലെന്നും ചട്ടവും കീഴ്‌വഴക്കവും പാലിച്ചാണ് ഉത്തരവെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. അതുകൊണ്ട് തന്നെ വിശദീകരണം തേടേണ്ട ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. അതിനിടെ, ഉത്തരവില്‍ പറയുന്നതിന് വിരുദ്ധമായി ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പൊലീസല്ലെന്ന സൂചന നല്‍കി ഡിജിപി രംഗത്തെത്തി പൊലീസിന്റെ ആവശ്യപ്രകാരം തന്നെയാണ് ഹെലികോപ്റ്ററിന് പണം അനുവദിച്ചതെന്ന് റവന്യു സെക്രട്ടറിയും പറയുന്നു.
Adjust Story Font
16