കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങളുടെ ആദരവ് നേടിയ വ്യക്തിത്വം
കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങളുടെ ആദരവ് നേടിയ വ്യക്തിത്വം
അഭിഭാഷകന്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രകൃതി സ്‌നേഹി എന്നീ നിലകളിലെല്ലാം ചെങ്ങന്നൂരില്‍ അഡ്വ. കെകെ രാമചന്ദ്രന്‍ നായര്‍ സജീവമായിരുന്നു...
ചെങ്ങന്നൂര്‍ മണ്ഡലത്തിലും ആലപ്പുഴ ജില്ലയിലാകെയും കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ ആദരവ് നേടിയെടുക്കാന്‍ കഴിഞ്ഞ നേതാവായിരുന്ന അഡ്വ. കെകെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ. അഭിഭാഷകന്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രകൃതി സ്‌നേഹി എന്നീ നിലകളിലെല്ലാം ചെങ്ങന്നൂരില്‍ അദ്ദേഹം സജീവമായിരുന്നു. എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്.
1953 ല്‍ ചെങ്ങന്നൂരിലെ ആല പഞ്ചായത്തില്‍ ജനിച്ച കെ കെ രാമചന്ദ്രന്‍ നായര്‍ പന്തളം എന്‍എസ്എസ് കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നിവിടങ്ങളിലാണ് പഠനം പൂര്‍ത്തിയാക്കിയത്. ആദ്യം എസ്എഫ്‌ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും പിന്നീട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും അംഗമായ അദ്ദേഹം ലോ കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കി ചെങ്ങന്നൂരില്‍ അഭിഭാഷകനായി ജോലി ചെയ്യവെ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ആദ്യകാലത്ത് സിപിഎം താലൂക്ക് കമ്മിറ്റി അംഗമായിരുന്ന രാമചന്ദ്രന്‍ നായര്‍ 14 വര്‍ഷത്തോളം ചെങ്ങന്നൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു. 2001ല്‍ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ശക്തമായ മത്സരത്തിനൊടുവില്‍ ശോഭനാ ജോര്‍ജിനോട് പരാജയപ്പെട്ടു. 2016ല്‍ രണ്ടാം മത്സരത്തില്‍ പിസി വിഷ്ണുനാഥിനെ തോല്‍പിച്ച് ചെങ്ങന്നൂര്‍ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു.
സംഗീതപ്രേമിയും ശാസ്ത്രീയ സംഗീതരംഗത്ത് അഗാധ പാണ്ഡിത്യമുള്ളയാളുമായിരുന്ന രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരില്‍ സര്‍ഗവേദിയ്ക്ക് രൂപം നല്‍കി. ലോകം ശ്രദ്ധിച്ച വരട്ടാര്‍ നദി പുനരുജ്ജീവന പദ്ധതിയിലും രാമചന്ദ്രന്‍ നായര്‍ നേതൃത്വപരമായ പങ്കുവഹിച്ചു. രാഷ്ട്രീയ രംഗത്തെ സൗമ്യ സാന്നിദ്ധ്യമായാണ് രാമചന്ദ്രന്‍ നായര്‍ ഓര്‍മിക്കപ്പെടുക.
Adjust Story Font
16