മത്സരിക്കാന്‍ വിഷ്ണുനാഥില്ല; ചെങ്ങന്നൂരില്‍ ജ്യോതി വിജയകുമാറിന് നറുക്ക് വീഴുമോ ?
- Published:
24 May 2018 2:43 AM GMT
മത്സരിക്കാന്‍ വിഷ്ണുനാഥില്ല; ചെങ്ങന്നൂരില്‍ ജ്യോതി വിജയകുമാറിന് നറുക്ക് വീഴുമോ ?
വനിതയെന്ന പരിഗണനയും ജ്യോതി വിജയകുമാറിന് അനുകൂല ഘടകമായേക്കും.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനില്ലെന്ന് പിസി വിഷ്ണുനാഥ് അറിയിച്ചതോടെ കോൺഗ്രസിൽ യുവ നേതാവ് ജ്യോതി വിജയകുമാറിന് സാധ്യതയേറുന്നു. പിസി വിഷ്ണുനാഥും കെസി വേണുഗോപാലും ജ്യോതി വിജയകുമാറിന്‍റെ പേര് ഹൈക്കമാൻഡിനു മുൻപിൽ വെച്ചതായാണ് സൂചന. വനിതയെന്ന പരിഗണനയും ജ്യോതി വിജയകുമാറിന് അനുകൂല ഘടകമായേക്കും.
സംഘടനാ ചുമതലയാണ് പിസി വിഷ്ണുനാഥ് പിന്മാറാൻ കാരണമായിപ്പറയുന്നതെങ്കിലും വിഷ്ണുനാഥ് മത്സരിക്കണമെന്ന നിർബന്ധം ഉമ്മൻ ചാണ്ടി വിഭാഗത്തിനു പോലും ഇല്ലെന്നതാണ് യാഥാർഥ്യം. പാർട്ടിക്കുള്ളിലെ എതിർപ്പും കഴിഞ്ഞതവണത്തെ സാഹചര്യവും പൂർണമായി മറികടക്കാനാവുമെന്ന ഉറപ്പ് വിഷ്ണുനാഥിനുമില്ല. വിഷ്ണുനാഥ് പിന്മാറിയതോടെ മാർ ഇവാനിയോസ് കോളജിലെ മുൻ ചെയർപേഴ്സണും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമായ ജ്യോതി വിജയകുമാർ സ്ഥാനാർഥിയാവാനുള്ള സാധ്യത വർധിച്ചു. യുവനേതാവായ വനിതയെ പരിഗണിക്കാൻ ഹൈക്കമാൻഡിനും താല്‍പര്യമുണ്ടെന്നാണ് അറിയുന്നത്.
ഡിസിസി മുൻ സെക്രട്ടറിയും അയ്യപ്പസേവാസംഘം ദേശീയ ഭാരവാഹിയുമായ വിജയകുമാറിന്‍റെ മകളായ ജ്യോതി സിവിൽ സർവീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിനായി സംഘടനാ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. കെപിസിസി നിർവാഹക സമിതി അംഗം എബി കുര്യാക്കോസ്, മുൻ എംഎൽഎ എം മുരളി എന്നിവരും കോൺഗ്രസിന്‍റെ പരിഗണനയിലുണ്ട്. എംഎൽഎ എന്ന നിലയിൽ കഴിവു തെളിയിച്ചിട്ടുള്ള മുരളിയെ മത്സരിപ്പിക്കണമെന്ന ശക്തമായ അഭിപ്രായം ഒരു വിഭാഗത്തിനുണ്ട്. ജില്ലാ സെക്രട്ടറി സജി ചെറിയാനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. പിഎസ് ശ്രീധരന്‍ പിള്ള തന്നെയാകും ബിജെപിയുടെ സ്ഥാനാര്‍ഥി. സിപിഎം എംഎല്‍എ ആയിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Adjust Story Font
16