സിപിഎം സംസ്ഥാന സമ്മേളനം നാളെ തുടങ്ങും
സിപിഎം സംസ്ഥാന സമ്മേളനം നാളെ തുടങ്ങും
രാവിലെ വി എസ് അച്യുതാനന്ദൻ പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാവുക
സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തൃശൂരിൽ തുടക്കമാകും. രാവിലെ വി എസ് അച്യുതാനന്ദൻ പതാക ഉയർത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. സമ്മേളന ദീപശിഖകൾ ഇന്ന് വൈകുന്നേരം നഗരത്തിലെത്തും. സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങള്‍ ഇന്ന് വൈകിട്ട് തൃശൂരില്‍ ചേരും.
തൃശൂർ തേക്കിന്‍കാട് മൈതാനത്ത് സജ്ജമാക്കിയ കെ കെ മാമക്കുട്ടി നഗറില്‍ 577 രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ സംഗമിക്കുമ്പോള്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനാണ് ദീപശിഖ തെളിയിക്കുക. കയ്യൂരില്‍ നിന്നുള്ള പതാക ജാഥയും വയലാറില്‍ നിന്നുള്ള കൊടിമര ജാഥയും ഇന്ന് തൃശൂരിലെത്തും. നാളെ രാവിലെ കേന്ദ്ര കമ്മറ്റി അംഗം വി എസ് അച്യുതാനന്ദൻ പതാക ഉയർത്തുന്നതോടെ
സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകും.
റീജ്യണൽ തിയേറ്ററിൽ പ്രത്യേകം തയ്യാറാക്കിയ വി വി ദക്ഷിണാ മൂര്‍ത്തി നഗരിയിൽ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 475 പ്രതിനിധികള്‍ക്ക് പുറമെ 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാല് സംസ്ഥാന കമ്മിറ്റി ക്ഷണിതാക്കളും അടക്കം 566 പേരാണ് പങ്കെടുക്കുന്നത്. 16 നിരീക്ഷകരും സമ്മേളനത്തിലുണ്ടാവും. ഹരിത നിയമാവലി ഉയര്‍ത്തിപിടിച്ചുള്ള പ്രചാരണമാണ് ജില്ലയിലെങ്ങും. ഫ്ലക്സും പ്ലാസ്റ്റിക്കും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. സമ്മേളനത്തിന് ഉപയോഗിക്കുന്ന പച്ചക്കറിയും അരിയും മറ്റ് ഭക്ഷണ പദാർഥങ്ങളും കൃഷി ചെയ്താണ് എടുത്തിരിക്കുന്നത്. 25ന് ഉച്ചക്ക് റെഡ് വളണ്ടിയര്‍മാരുടെ മാര്‍ച്ചോടെയാണ് സംസ്ഥാന സമ്മേളനത്തിന് സമാപനമാവുക.
Adjust Story Font
16