ആനവേട്ടക്കേസിലെ പ്രതി സിപിഎം ബ്രാഞ്ച് സെക്രട്ടറി
കേസിന്റെ പേരില്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത വ്യക്തിയെയാണ് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്പെ നേതാവാക്കിയിരിക്കുന്നത്.
പ്രമാദമായ മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ആനവേട്ടക്കേസിലെ പ്രതി അജിത് ശങ്കറിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേസിന്റെ പേരില്‍ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത വ്യക്തിയെയാണ് അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്പെ നേതാവാക്കിയിരിക്കുന്നത്.
വനംവകുപ്പിന്റെ മലയാറ്റൂർ ഡിവിഷൻ പരിധിയിൽ 19 ഓളം ആനകളെ കൊന്ന് കൊന്പെടുത്ത് കടത്തിയ കേസിലെ 18ാം പ്രതിയാണ് അജിത് ശങ്കര്‍. 2015ല്‍ ഈ കേസില്‍ പിടിയിലാകുന്പോള്‍ അജിത് ഡി വൈ എഫ് ഐ വഞ്ചിയൂര്‍ ബ്ലോക് കമ്മിറ്റി അംഗവും സിപിഎം പേട്ട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. ആനക്കൊന്പ് കടത്തുകാരെ സാന്പത്തികമായി സഹായിച്ചെന്നും വേണ്ട ഒത്താശകള്‍ ചെയ്തെന്നുമാണ് അജിത്തിനെതിരായ കുറ്റം. പൊലീസ് അറസ്റ്റ് ചെയ്ത് അകത്തിട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണവിധേയമായി പുറത്തായി.
രണ്ട് കൊല്ലത്തിനിപ്പുറം കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാകും മുന്പ് തന്നെ അജിത്തിന് പാര്‍ട്ടി നല്‍കിയത് ബ്രാഞ്ച് കമ്മിറ്റിയെ നയിക്കാനുള്ള ഉത്തരവാദിത്തം. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനത്തിൽ സി.പി.എം പേട്ട കല്ലുമ്മൂട് ബ്രാഞ്ച് സെക്രട്ടറിയായാണ് അജിത് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സമ്മേളനത്തിന് ആഴ്ചകള്‍ മുന്‍പ് തന്നെ നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറിക്ക് പകരം അജിത്തിനെ ആക്ടിംഗ് സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. ആനവേട്ടയുടെ പേരില്‍ അറസ്റ്റിലായ സമയത്തും ഇയാളെ രക്ഷിക്കാന്‍ പാര്‍ട്ടി ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. അജിത്തിനെ അനാവശ്യമായി കേസില്‍ കുടുക്കിയെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
Adjust Story Font
16