അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍
അട്ടപ്പാടിയില്‍ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍
കൃഷിമന്ത്രി അട്ടപ്പാടി സന്ദര്‍ശിച്ചു, ഇടനിലക്കാരെ ഒഴിവാക്കുമെന്ന് മന്ത്രി
അട്ടപ്പാടിയിലെ ആദിവാസികളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കാര്‍ഷിക പദ്ധതികളുമായി കൃഷി വകുപ്പ്. ആദിവാസികളുടെ തനത് വിഭവങ്ങളായ ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അട്ടപ്പാടിയില്‍ പ്രഖ്യാപിച്ചു.
അട്ടപ്പാടിയിലെ കാര്‍ഷിക വികസനം നേരിട്ട് വിലയിരുത്തുന്നതിനാണ് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അട്ടപ്പാടിയിലെത്തിയത്. ചെറുധാന്യങ്ങളുടെയും ജൈവപച്ചക്കറിയുടെയും സാധ്യതകളെക്കുറിച്ച് ഊരു മൂപ്പന്മാര്‍, മണ്ണൂക്കാരന്മാര്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായി കഴിഞ്ഞ കാലങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളെ രൂക്ഷമായ ഭാഷയിലാണ് ആദിവാസികള്‍ വിമര്‍ശിച്ചത്.
ഫണ്ടുകള്‍ തട്ടിയെടുക്കുന്ന ഇടനിലക്കാരെ ഒഴിവാക്കി കൃഷിവകുപ്പ് നേരിട്ടായിരിക്കും അട്ടപ്പാടിയില്‍ പദ്ധതികള്‍ നടപ്പാക്കുകയെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തന്റെ നിരന്തര മേല്‍നോട്ടം ഈ പദ്ധതിക്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
റാഗി, തിന, ചോളം, കമ്പ് തുടങ്ങിയ പരമ്പരാഗത വിളകളുടെ കൃഷി വ്യാപനമാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക. കേരളത്തിലെയും തമിഴ്നാട്ടിലെയും കാര്‍ഷിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും സര്‍ക്കാരിതര സംഘടനകളുടെ പ്രതിനിധികളും മന്ത്രിയോടൊപ്പം അട്ടപ്പാടിയിലെത്തിയിരുന്നു.
Adjust Story Font
16