Quantcast

ആറന്മുളയില്‍ പോസ്റ്റല്‍ വോട്ടിനെ ചൊല്ലി തര്‍ക്കം, ഉപരോധം

MediaOne Logo

admin

  • Published:

    26 May 2018 5:04 PM GMT

ആറന്മുളയില്‍ പോസ്റ്റല്‍ വോട്ടിനെ ചൊല്ലി തര്‍ക്കം, ഉപരോധം
X

ആറന്മുളയില്‍ പോസ്റ്റല്‍ വോട്ടിനെ ചൊല്ലി തര്‍ക്കം, ഉപരോധം

ആറന്മുള മണ്ഡലത്തിലെ 36 പോസ്റ്റല്‍ ബാലറ്റുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി അനധികൃതമായി വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഉപരോധം.

ആറന്മുള മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റുകളില്‍ ഉദ്യോഗസ്ഥന്‍ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയതായി പരാതി. മണ്ഡലത്തിലെ മുപ്പത്തിയാറോളം പോസ്റ്റല്‍ ബാലറ്റുകളുടെ കവര്‍ തുറന്ന് ഉദ്യോഗസ്ഥന്‍ സ്വന്തം നിലയ്ക്ക് വോട്ട് രേഖപ്പെടുത്തിയതായാണ് ആക്ഷേപം. യുഡിഎഫ് സ്ഥാനാര്‍ഥി കെ ശിവദാസന്‍ നായര്‍ക്ക് അനുകൂലമായി പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടത്തുകയാണെന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പത്തനംതിട്ട വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് മാനേജര്‍ അബ്ദുള്‍ ഹാരിസിനെയാണ് പോസ്റ്റല്‍ ബാലറ്റില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ 36 പോസ്റ്റല്‍ ബാലറ്റുകള്‍ ഉദ്യോസ്ഥന്റെ കൈവശം കവര്‍ പൊട്ടിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍‌ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധിക്കുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയായി.

എന്നാല്‍ താന്‍ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ അറ്റസ്റ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് അബ്ദുള്‍ ഹാരിസ് പൊലീസിന് നല്‍കിയ വിശദീകരണം. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ ഗസറ്റഡ് ഓഫീസേഴ്സ് യുണിയന്‍ ഭാരവാഹിയാണ് അബ്ദുള്‍ ഹാരിസ് . ബാലറ്റ് പേപ്പറുകള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യണമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആവശ്യമുന്നയിച്ചു.

എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇരുഭാഗത്തായി നിലയുറപ്പിച്ച് പ്രതിഷേധം തുടര്‍ന്നതോടെ പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തി അബ്ദുല്‍ ഹാരിസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിഷയത്തില്‍ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

TAGS :

Next Story