Quantcast

മണ്‍സൂണ്‍ മഴ കിട്ടാതെ വയനാട്ടിലും കാസര്‍ഗോഡും

MediaOne Logo

admin

  • Published:

    26 May 2018 1:05 AM GMT

മണ്‍സൂണ്‍ മഴ കിട്ടാതെ വയനാട്ടിലും കാസര്‍ഗോഡും
X

മണ്‍സൂണ്‍ മഴ കിട്ടാതെ വയനാട്ടിലും കാസര്‍ഗോഡും

ജൂണ്‍ ഒന്നു മുതല്‍ പതിനഞ്ചുവരെയുള്ള കണക്കുകളില്‍ സംസ്ഥാനത്തു തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. ഇത് കാര്‍ഷിക മേഖലയെ സാരമായി ബാധിയ്ക്കും

സംസ്ഥാനത്തെ മറ്റു ജില്ലകളിലെല്ലാം മഴ തിമിര്‍ത്തു പെയ്യുമ്പോള്‍, വയനാട്ടിലും കാസര്‍ഗോഡും ഇനിയും മണ്‍സൂണ്‍ ശക്തിപ്രാപ്പിച്ചിട്ടില്ല. ജൂണ്‍ ഒന്നു മുതല്‍ പതിനഞ്ചുവരെയുള്ള കണക്കുകളില്‍ സംസ്ഥാനത്തു തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. ഇത് കാര്‍ഷിക മേഖലയെ സാരമായി ബാധിയ്ക്കും.

സംസ്ഥാനത്തെ മണ്‍സൂണ്‍ കണക്കുകള്‍ പരിശോധിച്ചാല്‍, മഴയില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ പ്രകാരം 319.4 മില്ലീ മീറ്റര്‍ മഴയാണ് കഴിഞ്ഞ പതിനഞ്ചു ദിവസത്തിനിടെ കേരളത്തില്‍ ലഭിച്ചത്. മഴ കുറവ് രേഖപ്പെടുത്തിയത് രണ്ട് ജില്ലകളിലാണ്. വയനാട്ടിലും കാസര്‍ഗോഡും. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ പെയ്തത്. 255.7 മില്ലീ മീറ്റര്‍ മഴ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത്, 106.4 മില്ലീ മീറ്ററാണ് ലഭിച്ചത്. 58 ശതമാനം കുറവ്. അന്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ കണക്കുകളില്‍, ജൂണ്‍ 16 വരെ 78 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 148.8 മില്ലീ മീറ്ററായിരുന്നു.

വയനാട്ടില്‍ മഴ കുറഞ്ഞത് കാര്‍ഷിക മേഖലയെ സാരമായി ബാധിയ്ക്കും. കുരുമുളക്, ഇഞ്ചി, നെല്‍ കൃഷികളെയാണ് മഴയുടെ കുറവ് കാര്യമായി ബാധിയ്ക്കുക. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ ഇഞ്ചി കൃഷി കുറയുകയും വില കൂടുകയും ചെയ്ത സാഹചര്യത്തില്‍, വയനാട്ടിലെ കര്‍ഷകര്‍ ഹെക്ടര്‍ കണക്കിന് സ്ഥലത്ത്, ഇത്തവണ ഇഞ്ചി കൃഷി ഇറക്കി. ആദ്യവളം ചെയ്യേണ്ട സമയമാണ് ഇപ്പോള്‍, ഈ സമയത്ത് മഴ കുറഞ്ഞതിനാല്‍ വളമിടാന്‍ സാധിയ്ക്കില്ല. കുരുമുളക് കര്‍ഷകരെ സംബന്ധിച്ചും മഴക്കുറവ് തിരിച്ചടിയാണ്. കുരുമുളകില്‍ പരാഗണം നടക്കണമെങ്കില്‍ മഴ വേണം. ഈ സമയത്തെ മഴക്കുറവ്, വിളവിനെ സാരമായി ബാധിയ്ക്കും. നെല്‍കൃഷിയിറക്കേണ്ട ഈ സമയത്തും മഴയെത്താത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.

കാസര്‍ഗോഡാണ് കേരളത്തില്‍ മഴക്കുറവ് രേഖപ്പെടുത്തിയ മറ്റൊരു ജില്ല. 450.2 മില്ലീ മീറ്റര്‍ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ലഭിച്ചത്, 316 മില്ലീ മീറ്ററാണ്. 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

TAGS :

Next Story