വൈവാഹിക കേസുകള്‍; വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ ഇന്ത്യയിലും സ്വീകാര്യമെന്ന് ഹൈകോടതി
വൈവാഹിക കേസുകള്‍; വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ ഇന്ത്യയിലും സ്വീകാര്യമെന്ന് ഹൈകോടതി
പ്രവാസികളായ ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട ദുബൈ കോടതി വിധി അംഗീകരിച്ചു കൊണ്ടാണ് ഹൈകോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം
വൈവാഹിക കേസുകളുമായി ബന്ധപ്പെട്ട വിദേശ രാജ്യങ്ങളിലെ കോടതി വിധികള്‍ ഉപാധികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലും സ്വീകാര്യമാണെന്ന് ഹൈകോടതി ഉത്തരവ്. പ്രവാസികളായ ക്രിസ്ത്യന്‍ ദമ്പതികളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട ദുബൈ കോടതി വിധി അംഗീകരിച്ചു കൊണ്ടാണ് ഹൈകോടതിയുടെ സുപ്രധാന വിധി പ്രഖ്യാപനം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വിവാഹമോചന വിധികള്‍ സമ്പാദിച്ച ഒട്ടേറെ പേര്‍ ഏറെ ആശ്വാസത്തോടെയാണ് ഹൈകോടതി ഉത്തരവിനെ നോക്കി കാണുന്നത്.
നാട്ടില്‍ ക്രിസ്ത്യന്‍ മതാചാരപ്രകാരം വിവാഹിതരായി പ്രവാസ ജീവിതം നയിച്ചുവന്ന അഗസ്റ്റിന്‍ മാത്യു- ഡയാന ദമ്പതികളാണ് ഉഭയ സമ്മതപ്രകാരം വിവാഹ മോചനത്തിന് യുഎഇ പേഴ്സണല്‍ സ്റ്റാറ്റസ് കോടതിയെ സമീപിച്ചത്. ശരീഅ നിയമപ്രകാരം ഇവര്‍ക്ക് കോടതി വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. എന്നാല്‍ വിദേശ രാജ്യത്തെ ഇസ്ലാമിക ശരീഅ പ്രകാരമുള്ള വിധി അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അഗസ്റ്റിന്റെ പുനര്‍വിവാഹ അപേക്ഷ നോര്‍ത്ത് പറവൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് തള്ളുകയായിരുന്നു. ഇതിനെതിരെയാണ് അഗസ്റ്റിന്‍ മാത്യു ഹൈകോടതിയെ സമീപിച്ചത്.
പരസ്പര സമ്മതത്തോടെയാണ് വിവാഹ മോചനം നടന്നതെന്നിരിക്കെ, യു.എ.ഇ കോടതി വിധി ഇന്ത്യയിലും അംഗീകരിക്കപ്പെടുമെന്നാണ് വിധിയില്‍ ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ വ്യക്തമാക്കുന്നത്. വിവാഹ മോചനത്തോടെ പാസ്പോര്‍ട്ടിലെ പേരുമാറ്റം, പുനര്‍ വിവാഹം എന്നിവക്ക് ഇന്ത്യയില്‍ തടസങ്ങള്‍ ഇല്ലാതാകുന്നത് ഗള്‍ഫ് കോടതികളില്‍ നിന്ന് സമാന വിധികള്‍ സമ്പാദിച്ച നിരവധി പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
Adjust Story Font
16