പെരുമണ്‍ വാഹനാപകടത്തില്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക് മീഡിയവണിന്റെ പ്രണാമം
- Published:
27 May 2018 1:13 AM GMT
പെരുമണ്‍ വാഹനാപകടത്തില്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക് മീഡിയവണിന്റെ പ്രണാമം
മീഡിയവണ്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.
കണ്ണൂര്‍ പെരുമണില്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് മീഡിയവണിന്റെ പ്രണാമം. റോഡ് സുരക്ഷ കാമ്പയിന്റെ ഭാഗമായി മീഡിയവണും ഇറാം മോട്ടോഴ്സും സംയുക്തമായി സംഘടിപ്പിച്ച ഓര്‍മ പരിപാടിയില്‍ നാടൊന്നടങ്കം ഒത്തു ചേര്‍ന്നു. മീഡിയവണ്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു.
കാലം മായ്ക്കാത്ത ഓര്‍മകളുടെ കുടീരത്തില്‍, വിങ്ങുന്ന മനസുമായി അവര്‍ ഒരിക്കല്‍ കൂടി ഒത്തു ചേര്‍ന്നു. വിടരും മുമ്പെ അപകടം കവര്‍ന്ന പിഞ്ച് കുരുന്നുകള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ മീഡിയവണും ഇറാം മോട്ടോഴ്സും ചേര്‍ന്ന് പെരുമണില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് നാടൊന്നടങ്കം ഒഴുകിയെത്തി. 2008 ഡിസംബര്‍ നാലിനായിരുന്നു അമിത വേഗതയില്‍ ദിശ തെറ്റിയെത്തിയ വാഹനം പെരുമണ്‍ നാരായണ വിലാസം എ.എല്‍.പി സ്കൂളിലെ 10 കുരുന്നുകളുടെ ജീവനെടുത്തത്. കുട്ടികളുടെ സ്മൃതി കുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ച ശേഷമാണ് പരിപാടി ആരംഭിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‍പെക്ടര്‍ ജെ.എസ് ശ്രീകുമാര്‍ റോഡ് സുരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വസന്തകുമാരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇറാം മോട്ടോഴ്സ് മാര്‍ക്കറ്റിങ്ങ് ഹെഡ് സുനില്‍ പ്രഭു, ജില്ലാ പഞ്ചായത്ത് അംഗം പി.കെ സരസ്വതി, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ, പി.കെ നിയാസ്, കെ.വനിത, പി.പി രാഘവന്‍ മാസ്റ്റര്‍ തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ചടങ്ങിന് ഗ്രാമ പഞ്ചായത്ത് അംഗം സി.പ്രസന്ന സ്വാഗതവും മീഡിയവണ്‍ കോഡിനേറ്റിങ്ങ് എഡിറ്റര്‍ ആര്‍ സുഭാഷ് നന്ദിയും പറഞ്ഞു.
Adjust Story Font
16