ഇപി ജയരാജ് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് കൈമാറി
ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം ജയരാജനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
ബന്ധുനിയമനകേസിൽ മുൻ മന്ത്രി ഇ പി ജയരാജന് ക്ലീൻ ചിറ്റ് നൽകിയുള്ള റിപ്പോർട്ട് വിജിലൻസ് എസ്പി ഡയറക്ടർക്ക് കൈമാറി. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ റിപ്പോർട്ടിൽ അനുമതി തേടിയിട്ടുണ്ട്. ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം ജയരാജനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.
ബന്ധുനിയമന കേസിൽ മുൻ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം ലഭിച്ചതിനാൽ അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടിക്കൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് എസ്പി കെ ജയകുമാർ ഡയറക്ടർ ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.
2016 ഒക്ടോബറിൽ വ്യവസായ മന്ത്രിയായിരുന്ന ഇ പി ജയരാജൻ ബന്ധുവായ പി കെ സുധീർനമ്പ്യാരെ കേരള സ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൽ എംഡിയായി നിയമിച്ചതായിരുന്നു േകസിനാധാരമായ സംഭവം.
പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ നിർദ്ദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തി. പിന്നീട് ജയരാജനെ ഒന്നാം പ്രതിയാക്കി തിരുവവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് രണ്ടില്‍ കേസെടുത്തു. എന്നാൽ അന്വേഷണത്തിൽ ബന്ധുനിയമനത്തിന് തെളിവ് കിട്ടിയില്ലെന്ന് വിജിലൻസ് സംഘം പറയുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്ന നിയമോപദേശവും പിന്നീട് ലഭിച്ചു. നിയമന ഉത്തരവ് റദ്ദാക്കിയതിനാലും, സുധീർ നമ്പ്യാർ ചുമതലയേൽക്കാത്തതിനാലും നിയമനത്തിലൂടെ ആരും ലാഭം നേടിയിട്ടില്ലെന്ന നിയമോപദേശവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡയറക്ടറുടെ അനുമതിയോടെ ജയരാജനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ ഉടൻ സമർപ്പിക്കും.
Adjust Story Font
16