യോഗ കേന്ദ്രത്തിലെ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി
യോഗ കേന്ദ്രത്തിലെ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി
അന്വേഷണ റിപോര്‍ട്ട് അടുത്ത മാസം പത്തിനകം കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ഉത്തരവിട്ടു
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിലെ സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി. കേന്ദ്രത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. അന്വേഷണ റിപോര്‍ട്ട് അടുത്ത മാസം പത്തിനകം കൈമാറണമെന്നും ഹൈക്കോടതി ഡിവിഷന്‍ബഞ്ച് ഉത്തരവിട്ടു. യുവതിയില്‍ നിന്നും സംഭവത്തിന്‍റെ വിശദാംശങ്ങള്‍ കോടതി ചോദിച്ചറിഞ്ഞു.
മിശ്ര വിവാഹം ചെയ്ത ആയുർവേദ ഡോക്ടറായ യുവതിക്ക് യോഗാ കേന്ദ്രത്തിൽ പീഡനം സംബന്ധിച്ച കേസിലാണ് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപോര്‍ട്ട് തേടിയത്. കേസില്‍ വിവാദ കേന്ദ്രത്തെയും സംസ്ഥാന ഡിജിപിയേയും എറണാകുളം കമ്മിഷണര്‍ അടക്കമുളളവരെയും കക്ഷിചേര്‍ത്തു. ഇവര്‍ക്ക് അടിയന്തര നേട്ടീസയക്കാനും കോടതി നിര്‍ദേശം നല്‍കി. മിശ്രവിവാഹം കഴിച്ചതിന് എറണാകുളം ഉദയം പേരൂര്‍ കണ്ടനാട് പ്രവര്‍ത്തിക്കുന്ന യോഗാ കേന്ദ്രത്തില്‍ ശാരീരികവും മാനസികവുമായ പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് കോർപസ് ഹരജിയുടെ ഭാഗമായി യുവതി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി അന്വേഷണ റിപോര്‍ട്ട് സമര്‍പിക്കാന്‍ ആവശ്യപ്പെട്ടത്.
പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും കോടതിയില്‍ നേരിട്ടെത്തി ഡിവിഷന്‍ ബഞ്ച് മുന്‍പാകെ കാര്യങ്ങള്‍ വിശദീകരിച്ചു. ഭാര്യയെ തടഞ്ഞുവെച്ചതായി ചൂണ്ടിക്കാട്ടി റിന്‍റോ നൽകിയ ഹേബിയസ് കോർപസ് ഹരജിയിലാണ് യുവതി തനിക്ക് നേരിടേണ്ടി വന്ന ദുരിതങ്ങൾ വിവരിച്ചിട്ടുള്ളത്. ജൂലൈ 31ന് യോഗ സെൻററിലെത്തിച്ച ശേഷം 22 ദിവസം കഠിന പീഡനം നേരിടേണ്ടി വന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു. മറ്റ് 65 യുവതികൾ കൂടി ഇവരുടെ തടങ്കലിൽ ഉള്ളതായി വ്യക്തമാക്കിയാണ് യുവതിയുടെ സത്യവാങ്മൂലം.
Adjust Story Font
16