ലേക്ക് പാലസില്‍ കായല്‍ കയ്യേറ്റമില്ലെന്ന് കലക്ടര്‍
ലേക്ക് പാലസില്‍ കായല്‍ കയ്യേറ്റമില്ലെന്ന് കലക്ടര്‍
എന്നാല്‍ കായല്‍ വലകെട്ടിത്തിരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഇന്ന് വല പൊട്ടിക്കല്‍ സമരം നടത്തും.
ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടിനോട് ചേര്‍ന്ന കായലില്‍ കയ്യേറ്റം നടന്നിട്ടില്ലെന്ന ജില്ലാ കലക്ടറുടെ നിലപാട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്ക് ആശ്വാസം പകരുന്നതാണ്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കായല്‍ കെട്ടിത്തിരിക്കാന്‍ ആര്‍ഡിഒ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കലക്ടറുടെ വിശദീകരണം. എന്നാല്‍ കായല്‍ വലകെട്ടിത്തിരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ഇന്ന് വല പൊട്ടിക്കല്‍ സമരം നടത്തും.
ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപമുള്ള കായലില്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കായല്‍ കെട്ടിത്തിരിച്ചിരിക്കുന്നത് കയ്യേറ്റമല്ലെന്നാണ് ആലപ്പുഴ ജില്ലാ കലക്ടറുടെ നിലപാട്. ഇതിന് ആര്‍ഡിഒ യുടെ അനുമതി ഉണ്ടെന്നും ജലസേചന വകുപ്പിനും ഇതില്‍ പരാതിയില്ലെന്നും കലക്ടര്‍ വിശദീകരിക്കുന്നു.
എന്നാല്‍ ലേക്ക് പാലസ് അധികൃതര്‍ ഇപ്രകാരം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വസ്തുക്കളും വലയും ഉപയോഗിച്ച് കെട്ടിത്തിരിച്ചിട്ടുള്ള കായല്‍ ഭാഗത്തേക്ക് മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരെ പ്രവേശിപ്പിക്കുന്നില്ലെന്നും സ്വന്തം വസ്തു പോലെ ഉപയോഗിക്കുകയാണെന്നുമുള്ള ആരോപണം ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. ഈ ആരോപണം നില നില്‍ക്കുന്ന സാഹചര്യത്തിലാണ് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ വലമുറിക്കല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്. മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരെയും പ്രവേശിപ്പിക്കാതെ കായല്‍ വലകെട്ടിത്തിരിച്ച് കൈവശം വെക്കുന്നത് കയ്യേറ്റം തന്നെയാണെന്നും ഇവര്‍ ആരോപിക്കുന്നു.
Adjust Story Font
16