വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളത്തിനെതിരെ സര്‍ക്കാര്‍
വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളത്തിനെതിരെ സര്‍ക്കാര്‍
കുറഞ്ഞ ചെലവില്‍ കുപ്പിവെള്ള വിതരണം ചെയ്യുന്നതിനായി നിര്‍മാണം ആരംഭിച്ച അരുവിക്കര പ്ലാന്റിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയില്ല.
ജല അതോറിറ്റിയുടെ കുപ്പിവെള്ള നിര്‍മാണവും വിതരണവും വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ കമ്പനിയുള്ളതിനാല്‍ കുപ്പിവെള്ള വിപണനത്തിനായി സമയം കളയേണ്ടെന്ന് അഡീ. ചീഫ് സെക്രട്ടറി ജല അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. അരുവിക്കരയിലെ കുടിവെള്ള വിതരണ ബോട്ടിലിംഗ് പ്ലാന്റിന് ഭരണാനുമതിയില്ലെന്നും ജലവിഭവ വകുപ്പ് വാട്ടര്‍ അതോറിററി എം ഡിക്ക് നല്കിയ കത്തില്‍ അറിയിച്ചു.
അരുവിക്കരയിലെ കുടിവെള്ള ബോട്ടിലിംഗ് പ്ലാന്റിന്റെ നിര്‍മാണത്തിലുണ്ടായ കാലതാമസം കാരണം അധിക സാമ്പത്തിക ബാധ്യതയ്ക്ക് സര്‍ക്കാര്‍ ഭരണാനുമതി നൽകേണ്ടതുണ്ട്. ഇതിനായി അതോറിറ്റി സമർപ്പിച്ച കത്ത് പരിഗണിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. കുപ്പി വെള്ള വിതരണം വാട്ടർ അതോറിറ്റിയുടെ പ്രവർത്തന മണ്ഡലത്തിൽ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും സ്വകാര്യ മേഖലയില്‍ ധാരാളം കമ്പനികളുള്ളതിനാല്‍ കുപ്പിവെള്ള വിപണനത്തിനായി സമയം കളയേണ്ടെന്നുമാണ് വാട്ടര്‍ അതോറിറ്റി എം ഡിക്ക് അഡി. ചീഫ് സെക്ടട്ടറി നല്കിയ കത്തില്‍ പറയുന്നത്. പകരം മലിനജല സംസ്കരണത്തിലും ജലവിതരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം നല്കിയിരിക്കുന്നത്.
സ്വകാര്യമേഖലയിൽ നിലനിന്നിരുന്ന ഒരു വ്യവസായമായ കുപ്പിവെള്ള നിർമാണ വിതരണം പൊതുമേഖലയിൽ ആരംഭിക്കുവാൻ സർക്കാർ തീരുമാനമെടുത്തത് 2006 സപ്തംബർ മാസത്തിലാണ്. കേരള വാട്ടർ അതോറിറ്റി ഈ മേഖലയിലേക്ക് കടന്നുവരണം എന്ന ഉദ്ദേശ്യത്തോടുകൂടി 2008ല്‍ കേരള വാട്ടർ സപ്ലൈ ആൻഡ് സ്വിവ്റേജ് ആക്ട് ഭേദഗതി ചെയ്തു. ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ശുദ്ധമായ കുപ്പിവെള്ളം ലഭിക്കുകയും സ്വകാര്യമേഖലയുടെ കുത്തക അവസാനിക്കുകയും ചെയ്യുക എന്ന് ഉദ്ദേശത്തോടെ 2010 ജൂൺ ഏഴിനാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
Adjust Story Font
16