ഇന്ന് റമദാന്‍ ഒന്ന്; ഇനി വ്രതശുദ്ധിയുടെ നാളുകള്‍
ഇന്ന് റമദാന്‍ ഒന്ന്; ഇനി വ്രതശുദ്ധിയുടെ നാളുകള്‍
മനസ്സും ശരീരവും ശുദ്ധീകരിച്ച് പ്രപഞ്ചനാഥനിലേക്കു മടങ്ങുകയാണ് വിശ്വാസികള്‍.
കേരളത്തില്‍ റമദാന്‍ വ്രതം ആരംഭിച്ചു. മനസ്സും ശരീരവും ശുദ്ധീകരിച്ച് പ്രപഞ്ചനാഥനിലേക്കു മടങ്ങുകയാണ് വിശ്വാസികള്‍. പുണ്യങ്ങളുടെയും പ്രാര്‍ഥനയുടെയും പകലിരവുകളാണ് വിശ്വാസികള്‍ക്ക് ഇനിയുള്ള ഒരു മാസക്കാലം.
നോമ്പുകാര്‍ക്കായി ഒരുക്കിവെച്ച റയ്യാന്‍ എന്ന സ്വര്‍ഗീയ കവാടം തേടി വിശ്വാസികള്‍ റമദാനെ വരവേറ്റിരിക്കുന്നു. കഴിഞ്ഞ കാലങ്ങളില്‍ ചെയ്ത പാപങ്ങളില്‍ നിന്ന് പശ്ചാത്താപം ചെയ്ത് നന്മയിലേക്ക് മടങ്ങാനുള്ള കാലമാണ് റമദാന്‍. വ്രതാനുഷ്ഠാനത്തോടൊപ്പം അനുഗ്രഹത്തിനും പാപമോചനത്തിനും സ്വര്‍ഗപ്രവേശത്തിനുമായി വിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകും. ഖുര്‍ആന്‍ അവതരിച്ച മാസം കൂടിയാണ് റമദാന്‍. അതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്താല്‍ വിശ്വാസികള്‍ ഈ മാസത്തെ ധന്യമാക്കും. മസ്ജിദുകളില്‍ റമദാനിലെ പ്രത്യേക നിശാ നിസ്കാരമായ തറാവീഹ് നടക്കും. നിര്‍ബന്ധ ബാധ്യതയായി കരുതുന്ന സകാത്ത് നല്‍കാനും വിശ്വാസികള്‍ തെരഞ്ഞെടുക്കുന്നത് റമദാന്‍ മാസത്തെയാണ്.
മസ്ജിദുകള്‍ക്കും വീടുകള്‍ക്കും പുറമെ വിവിധയിടങ്ങളില്‍ സന്നദ്ധസംഘടനകള്‍ ഇഫ്താര്‍ വിരുന്നൊരുക്കും. റിലീഫ് പ്രവര്‍ത്തനങ്ങളും റമദാനില്‍ സജീവമാകും. വിവിധ മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ റമദാന്‍ മതപ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
Adjust Story Font
16