വയനാട്ടില്‍ ജപ്തി നടപടിയ്‌ക്കെത്തിയ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു
വയനാട്ടില്‍ ജപ്തി നടപടിയ്‌ക്കെത്തിയ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു
ജപ്തി നടത്താന്‍ അനുവദിയ്ക്കാതെ വീട്ടുകാരും സഹായികളും ചേര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും മര്‍ദ്ദിച്ചു.
വയനാട് വാഴവറ്റയില്‍ ജപ്തി നടപടിയ്‌ക്കെത്തിയ റവന്യൂ, പൊലിസ് ഉദ്യോഗസ്ഥരെ വീട്ടുകാരും സഹായികളും ചേര്‍ന്ന് അക്രമിച്ചു. നാല് വനിത പൊലീസുകാരടക്കം ആറ് പൊലീസുകാര്‍ക്ക് പരുക്കേറ്റു. കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ അടക്കം ആറു പേരെ മീനങ്ങാടി പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയോടെ സംഭവം
വാഴവറ്റ സ്വദേശിയായ ജോസ്‌കുട്ടി അഗസ്റ്റിനും മകനും ചേര്‍ന്ന് 1.45 കോടി രൂപയുടെ വാണിജ്യ നികുതി തട്ടിപ്പു നടത്തിയെന്ന കേസിലാണ് ജപ്തി നടപടി. അമ്പലവയല്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍, മുട്ടില്‍ വില്ലേജ് ഓഫിസര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. എന്നാല്‍, ജപ്തി നടത്താന്‍ അനുവദിയ്ക്കാതെ വീട്ടുകാരും സഹായികളും ചേര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥരെയും പൊലീസുകാരെയും മര്‍ദ്ദിച്ചു.
തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റു ചെയ്ത ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വീട് അകത്തു നിന്നും പൂട്ടിയതിനാല്‍ വാതില്‍ പൊളിച്ചാണ് റവന്യൂ സംഘം അകത്തു കടന്നത്. സംഭവത്തില്‍, വീട്ടുകാരായ ആന്റോ അഗസ്റ്റിന്‍, ഇത്താമ്മ അഗസ്റ്റിന്‍, ടെസ്സി റോജി സഹായികളായ രമേശന്‍, ജനാര്‍ദ്ദനന്‍, ചന്ദ്രന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പൊലീസ് സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോകും വഴി വാഹനത്തിനും ഇവര്‍ കേടുപാടുകളുണ്ടാക്കി. ഇതില്‍ ആന്റോ അഗസ്റ്റിന്‍ മാംഗോ മൊബൈല്‍ തട്ടിപ്പു കേസിലെ പ്രതിയാണ്. ഇവര്‍ക്കെതിരെ എട്ട് സാമ്പത്തിക തട്ടിപ്പു കേസുകള്‍ നിലവിലുണ്ട്. വാണിജ്യ നികുതി തട്ടിപ്പു കേസുകളാണ് ഏഴെണ്ണവും. ഒരെണ്ണം കാര്‍ഷിക വരുമാന നികുതിയുമായി ബന്ധപ്പെട്ടതാണ്.
കേസുകളില്‍ ജപ്തി നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ സ്‌റ്റേ നേടിയിട്ടുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അത് റവന്യൂ സംഘത്തിനു മുന്‍പില്‍ ഹാജരാക്കിയിട്ടില്ല. സ്ത്രീ സംരക്ഷണ നിയമം, പൊതുമുതല്‍ നശിപ്പിയ്ക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് കേസെടുത്തിട്ടുള്ളത്. രാത്രി വൈകിയാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്.
Adjust Story Font
16