ജാമ്യമെടുക്കാനാളില്ല, അഞ്ച് ആദിവാസി യുവാക്കള്‍ നാലുമാസമായി ഒറ്റപ്പാലം ജയിലില്‍
ജാമ്യമെടുക്കാനാളില്ല, അഞ്ച് ആദിവാസി യുവാക്കള്‍ നാലുമാസമായി ഒറ്റപ്പാലം ജയിലില്‍
ഝാര്‍ഖണ്ഡിലെ ഗിരിഡി ജില്ലയിലെ ആദിവാസികളായ ഇവര്‍ 19 വയസ്സിനും 23 വയസ്സിനും ഇടയിലുള്ളവരാണ്
മനുഷ്യക്കടത്തു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഝാര്‍ഖണ്ഡ് സ്വദേശികളായ ആദിവാസി യുവാക്കള്‍ ജാമ്യത്തിന് ആളെക്കിട്ടാതെ ജയിലില്‍ കഴിയുന്നു. മനുഷ്യക്കടത്തിന് ഇരകളായ അഞ്ചു പേരെയാണ് പ്രതികളെന്നു പറഞ്ഞ് പാലക്കാട് ഒറ്റപ്പാലം ജയിലിലടച്ചിരിക്കുന്നത്. കഴിഞ്ഞ നാലു മാസമായി നിയമ സഹായം പോലും കിട്ടാതെ നിരക്ഷരരായ ഈ ആദിവാസികള്‍ ജയിലില്‍ കഴിയുകയാണ്.
ഝാര്‍ഖണ്ഡ് സ്വദേശികളായ ദിനേശ്, അശോക്, സുരേന്ദ്രന്‍, വിനോദ്, ബാലേശ്വര്‍ എന്നിവരാണ് ഒറ്റപ്പാലം സബ്ജയിലില്‍ കഴിയുന്നത്. ഝാര്‍ഖണ്ഡിലെ ഗിരിഡി ജില്ലയിലെ ആദിവാസികളായ ഇവര്‍ 19 വയസ്സിനും 23 വയസ്സിനും ഇടയിലുള്ളവരാണ്. മനുഷ്യക്കടത്ത്, ബാലനീതി തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ ജൂണ്‍ മുപ്പതിനാണ് ജോലിക്കായി കൊണ്ടുവരുന്നതിനിടയില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 36 ഇതരസംസ്ഥാനക്കാരെ ഷൊര്‍ണൂരില്‍ നിന്നും റെയില്‍വേ പൊലീസ് പിടികൂടിയത്. ഒഡീഷ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരായിരുന്നു ഇവര്‍. ഈ സംഘത്തിലെ സ്ത്രീകളെയും കുട്ടികളെയും ഇരകളായി പരിഗണിച്ച് പാലക്കാട് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കഴിഞ്ഞ മാസം ഇവരെ നാട്ടിലേക്കയക്കുകയും ചെയ്തു. എറണാകുളത്തെ ഒരു ചെമ്മീന്‍ ഫാക്ടറിയില്‍ ജോലി വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്ത് നടത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഈ കേസിലെ യഥാര്‍ഥ പ്രതികളെല്ലാം രക്ഷപ്പെട്ടു.
ഇരകളായ സ്ത്രീകളുടെ മുതിര്‍ന്ന മക്കളെയും ഭര്‍ത്താക്കളെയും പ്രതികളാക്കി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. നിരക്ഷരരും ആദ്യമായി നാടുവിട്ട് വന്നവരുമാണ് ജയിലില്‍ കഴിയുന്ന അഞ്ചു പേരും. എന്തിനാണ് തങ്ങളെ ജയിലിലിടച്ചതെന്ന് ഇവര്‍ക്കറിയില്ല. കൊടും പട്ടിണിയുള്ള നാട്ടില്‍ നിന്നും ജോലിതേടിയാണ് ഇവര്‍ കേരളത്തിലേക്ക് വന്നത്. ജാമ്യം നില്‍ക്കാന്‍ ആരെങ്കിലും സന്നദ്ധമായാല്‍ ഇവര്‍ക്ക് ജയിലില്‍ നിന്നും പുറത്തിറങ്ങാം.
Adjust Story Font
16