ശിവഗിരി തെരഞ്ഞെടുപ്പ് കോടതിയിലേക്ക്
ശിവഗിരി തെരഞ്ഞെടുപ്പ് കോടതിയിലേക്ക്
ചട്ടങ്ങള്‍ പാലിച്ചല്ല തെരഞ്ഞെടുപ്പെന്ന് കാണിച്ച് സന്യാസിമാര്‍ ആറ്റിങ്ങല്‍ കോടതിയില്‍ ഹരജി നല്‍കി
വര്‍ക്കല ശിവഗരി മഠം തെരഞ്ഞെടുപ്പ് ഒരിക്കല്‍ കൂടി കോടതിയിലേക്ക്. കഴിഞ്ഞ ആഴ്ച നടന്ന ട്രസ്റ്റംഗങ്ങളുടെ തെരഞ്ഞെടുപ്പ് നിയമപ്രകാരമല്ലെന്ന് കാണിച്ച് രണ്ട് സ്വാമിമാര്‍ കോടതിയെ സമീപിച്ചു. ഹരജി സ്വീകരിച്ച ആറ്റിങ്ങള്‍ സബ്കോടതി നിലവിലെ ഭാരവാഹികള്‍ക്ക് നോട്ടീസ് അയച്ചു. ഇതോടെ നാളെ നടത്താനിരുന്ന ഭാരവാഹി തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായി.
ശിവഗിരി മഠത്തിലെ സ്വാമിമാരായ സ്വാമി കൃഷ്ണാനന്ദ, സുകൃതാനന്ദ എന്നിവാരാണ് തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ആറ്റിങ്ങള്‍ സബ്കോടതിയെ സമീപിച്ചത്. ശിവഗിരി ട്രസ്റ്റിന്‍റെ നിയമാവലി പാലിച്ചല്ല തെരഞ്ഞെടുപ്പെന്നാണ് പരാതി. ഹരജി ഫയലില്‍ സ്വീകരിച്ച് നിലവിലെ ഭരണ സമിതിയംഗങ്ങള്‍ക്ക് നോട്ടീസ് അയച്ചു. കേസ് നാളെ കോടതി പരിഗണിക്കും. നാളെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ കോടതി വിധിക്ക് ശേഷമായിരിക്കും ഭാരവാഹി തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ കഴിയുക.
ഒക്ടോബര്‍ 12 നാണ് ശിവഗിരിയില്‍ പുതിയ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ പ്രസിഡന്‍റ് പ്രകാശാനന്ദ ഉള്‍പ്പെടെ 5 ഭരണസമിതിയംഗങ്ങള്‍ തോല്‍ക്കുകയും സൂക്ഷ്മാനന്ദ, ഋതംബരാനന്ദ എന്നിവരുള്‍പ്പെട്ട 11 പേര് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ജയിച്ച അംഗങ്ങളില്‍ സൂക്ഷ്മാനന്ദ, ശാരദാനന്ദ, വിശുദ്ധാനന്ദ എന്നിവര്‍ക്ക് തുല്യ പിന്തുണയാണുള്ളത്. ഋതംബരാനന്ദ സ്വതന്ത്രമായി നില്‍ക്കുകയുമാണ്. സ്വാമിമാര്‍ തമ്മില്‍ സമവായം ഉണ്ടാകാത്ത സാഹചര്യമാണ് തെരഞ്ഞെടുപ്പ് കോടതി കയറാന്‍ കാരണമായതന്നാണ് വിലയിരുത്തല്‍.
Adjust Story Font
16