Quantcast

ഇങ്ങനെ പോയാല്‍ പൊലീസിലാരും കാണില്ല; സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി

MediaOne Logo

Sithara

  • Published:

    28 May 2018 7:38 AM GMT

ഇങ്ങനെ പോയാല്‍ പൊലീസിലാരും കാണില്ല; സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി
X

ഇങ്ങനെ പോയാല്‍ പൊലീസിലാരും കാണില്ല; സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നത് എങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചു

ഡിജിപി സ്ഥാനത്ത് നിന്ന് ടി പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ മാറ്റുന്നതെങ്കില്‍ ആരെങ്കിലും ബാക്കിയുണ്ടാകുമോ എന്ന് കോടതി ചോദിച്ചു. വ്യക്തിപരമായ താല്‍പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപിയെ മാറ്റിയതെന്നും ഇത് ഗൌരവമായി പരിശോധിക്കേണ്ടതുണ്ടെന്നും നിരീക്ഷിച്ച കോടതി, സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.

ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ ടി പി സെന്‍കുമാര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശം. ഡിജിപിമാര്‍ക്ക് തുര്‍ച്ചയായി രണ്ട് വര്‍ഷത്തെ കാലവധി നല്‍കണമെന്നും സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍ സ്റ്റെയ്റ്റ് സെക്യൂരിറ്റി കമ്മീഷനുമായി കൂടിയാലോചിക്കണമെന്നുമുള്ള പ്രകാശ് സിങ് കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് സെന്‍കുമാറിന്‍റെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ വാദിച്ചു. ജിഷ വധക്കേസിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായി എന്ന കാരണമാണ് പറയുന്നതെങ്കില്‍ അധികാരത്തിലെത്തിയ ശേഷം നടന്ന 9 രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി രാജിവെക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സംസ്ഥാന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി കമ്മീഷനുമായി കൂടിയാലോചിക്കേണ്ടതില്ലെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്. ഇത് കോടതി അംഗീകരിച്ചില്ല. സംസ്ഥാന നിയമത്തിലില്ല എന്ന കാരണം പറഞ്ഞ് സുപ്രീംകോടതി ഉത്തരവുകള്‍ പാലിക്കാതിരിക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല ഉദ്യോഗസ്ഥരെ മാറ്റേണ്ടത്. അങ്ങനെ മാറ്റിത്തുടങ്ങിയാല്‍ ആരും ബാക്കിയുണ്ടാകില്ല. നടപടിക്രമങ്ങള്‍ പാലിക്കാത്ത സാഹചര്യം സ്ഥാനമാറ്റം വ്യക്തിനിഷ്ഠമായ താല്‍പര്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് സൂചിപ്പിക്കുന്നു. ഇത് ഗൌരവതരമായി പരിശോധിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയക്കുകയായിരുന്നു. മാര്‍ച്ച് 27ന് ഹരജി വീണ്ടും പരിഗണിക്കും.

TAGS :

Next Story