Quantcast

ഡിജിപി ഓഫീസ് സമരത്തിന് അതീതമല്ല; പൊലീസ് അതിക്രമത്തിനെതിരെ എം എ ബേബി

MediaOne Logo

Sithara

  • Published:

    28 May 2018 9:18 AM GMT

ഡിജിപി ഓഫീസ് സമരത്തിന് അതീതമല്ല; പൊലീസ് അതിക്രമത്തിനെതിരെ എം എ ബേബി
X

ഡിജിപി ഓഫീസ് സമരത്തിന് അതീതമല്ല; പൊലീസ് അതിക്രമത്തിനെതിരെ എം എ ബേബി

ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ച പോലീസ് രീതിക്കെതിരെ സിപിഎമ്മിനുള്ളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നു

ജിഷ്ണു പ്രണോയിയുടെ അമ്മയെ വലിച്ചിഴച്ച പോലീസ് രീതിക്കെതിരെ സിപിഎമ്മിനുള്ളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി എതിര്‍പ്പ് ഫേസ് ബുക്കിലൂടെ തുറന്ന് പ്രകടിപ്പിച്ചു. ഡിജിപി ഓഫീസിന് മുന്‍പില്‍ നടന്നത് പൊലീസിന്‍റെ പരാക്രമമാണെന്ന നിലപാടാണ് ബേബിയുടേത്. ഡിജിപി ഓഫീസ് സമരത്തിന് അതീതമല്ലെന്നും ബേബി ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.

പൊതുസമൂഹത്തില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും വലിയ വിമര്‍ശങ്ങള്‍ ഉണ്ടാകുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള പ്രതിഷേധം. ഡിജിപി ഓഫീസിന് മുന്‍പില്‍ സമരം പാടില്ലന്ന സിപിഎം നേതാക്കളുടെ പ്രതികരണത്തെ പൂര്‍ണ്ണമായും തള്ളുന്നു എം എ ബേബി. പോലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ചും സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹവും നടത്താമെങ്കില്‍ പോലീസ് ആസ്ഥാനത്ത് എന്തുകൊണ്ട് സമരം നടത്തികൂടെന്നാണ് ചോദ്യം. സമരം കൊണ്ട് അശുദ്ധമാകാന്‍ പാടില്ലാത്ത സ്ഥലമാണ് ഡിജിപി ഓഫീസെന്ന വാദത്തിന് ഒരു പ്രസക്തിയും ഇല്ലെന്നാണ് പിബി അംഗത്തിന്‍റെ നിലപാട്.

എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പോലീസ് നയം അറിയാത്തവരാണ് ജിഷ്ണുവിന്‍റെ അമ്മയോട് പരാക്രമം നടത്തിയതെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബേബി ആവശ്യപ്പെടുന്നു. പൊലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത് വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവായ എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. പോലീസിനെതിരെയുള്ള നിലപാട് മറ്റ് ചില സിപിഎം നേതാക്കള്‍ക്കും ഉണ്ടെന്നാണ് സൂചന.

എം എ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മരിച്ച മകന് നീതിതേടി പൊലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിൻറെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻറെ പൊലീസ് നയം മനസ്സിലാക്കാത്തവർ ചെയ്തതാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മനസ്സിലാകാതെ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണ്.

പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ചും സ്റ്റേഷനു മുന്നിൽ സത്യഗ്രഹവും കേരളത്തിൽ സാധാരണമാണ്. പൊലീസ് സ്റ്റേഷനു മുന്നിൽ സമരമാകാമെങ്കിൽ പൊലീസ് ആസ്ഥാനത്ത് സമരമാകാനാവില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ല. പൊലീസ് നടപടിയിലെ അപാകതയ്ക്കെതിരെയാണ് മഹിജയ്ക്ക് സമരം ചെയ്യാനുള്ളതും. മറ്റു സമരങ്ങളോടെടുക്കുന്ന സമീപനമേ ഈ സമരത്തിലും പൊലീസ് എടുക്കാൻ പാടുള്ളായിരുന്നു. പൊലീസ് ആസ്ഥാനം സമരത്താൽ അശുദ്ധമാകാൻ പാടില്ലാത്ത ഒരു സ്ഥലം എന്ന വാദത്തിന് ഒരു പ്രസക്തിയുമില്ല.

കുറച്ചു നാൾ മുമ്പ് ജിഷ്ണു പ്രണോയുടെ വീട് ഞാൻ സന്ദർശിച്ചിരുന്നു. ജിഷ്ണുവിൻറെ അമ്മയും പിതാവും മറ്റു കുടുംബാംഗങ്ങളും കടന്നു പോകുന്ന കഠിനമായ ദുഖവും നീതി നിഷേധത്തിലുള്ള പ്രതിഷേധവും അവരെന്നോട് പങ്കു വച്ചതാണ്. കേരളത്തിലെ വികലമായ സ്വാശ്രയവിദ്യാഭ്യാസത്തിൻറെ ഇരയാണ് ജിഷ്ണു പ്രണോയ്. ജിഷ്ണുവിൻറെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും ഉചിതമായ ശിക്ഷ നേടിക്കൊടുക്കാനും എല്ലാ ജനാധിപത്യവാദികളും ഒന്നിക്കണം.

സ്വാശ്രയ കോളേജുകൾക്ക് എന്തു തോന്ന്യാസവും ചെയ്യാൻ സൌകര്യമുണ്ടാക്കിയ യുഡിഎഫുകാരും വർഗീയവാദികളും ജിഷ്ണുവിൻറെ മരണത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതും തുറന്നു കാട്ടപ്പെടണം.
1957ലെ ആദ്യ സർക്കാർ മുതൽ പൊലീസ് നയം സംബന്ധിച്ച് സർക്കാർ നയവും പൊലീസ് ഉദ്യോഗസ്ഥരും തമ്മലുള്ള ഈ സംഘർഷം നിലനിന്നിരുന്നു. അന്നത്തെ പ്രതിപക്ഷത്തോട് നിയമസഭയിൽ സഖാവ് ഇഎംഎസ് പറഞ്ഞു, “പൊലീസിനെ നിര്‍വീര്യമാക്കുന്നു എന്നുളള ആരോപണത്തിന്‍റെ അര്‍ഥം ബ്രിട്ടീഷ് ഭരണകാലത്ത് പൊലീസിനുണ്ടായിരുന്ന വീര്യവും, കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് പൊലീസ് ഈ നാട്ടില്‍ കാണിച്ച വീര്യവും കാണിക്കാതിരിക്കുന്നു എന്നുള്ളതാണെങ്കില്‍ അതു വേണമെന്നാണ് ഗവണ്‍മെന്‍റിന്‍റെ നയം. ഈ നാട്ടില്‍ പൊലീസിനെക്കുറിച്ച് ഒരു ചരിത്രം ഉണ്ട്. ഈ നാട്ടില്‍ പൊതുജനങ്ങളെ മര്‍ദിച്ച് ഒതുക്കുന്ന നയം ഈ നാട്ടിലെ പൊലീസിനുണ്ടായിരുന്നു. അത് കമ്യൂണിസ്റ്റുകാരനായ ഞാന്‍ ഇന്നു പറയുന്നതല്ല. കോണ്‍ഗ്രസ്സില്‍ത്തന്നെ ഞാന്‍ ചേര്‍ന്നു നിന്നിരുന്ന കാലത്ത് പൊലീസിനെതിരായി ഇങ്ങനെയുള്ള ആരോപണം കോണ്‍ഗ്രസ്സില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ളതാണ്. ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ബ്രിട്ടീഷ് ആധിപത്യം ഇവിടെ നിലനിര്‍ത്തുന്നതിന് ഉണ്ടാക്കിയിട്ടുള്ളതാണ് ഈ പൊലീസ്. ബ്രിട്ടീഷ് ഭരണം നിലനിര്‍ത്തുന്നതിന് ആവശ്യമായ വീര്യം പൊലീസിന് ഉണ്ടാക്കുന്നതിന് ബ്രിട്ടീഷ്ഭരണം കരുതിക്കൂട്ടിയുള്ള ചില നടപടികള്‍ എടുത്തിട്ടുണ്ട്. അതിന്‍റെ ഫലമായിട്ട് പൊലീസിനുണ്ടായ വീര്യം എന്തായിരുന്നുവെന്ന് ഈ നാട്ടിലെ പൊതുജനങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എവിടെയൊക്കെ കര്‍ഷകത്തൊഴിലാളികളും മുതലാളികളും തമ്മില്‍ തര്‍ക്കമുണ്ടോ അവിടെ വന്നു പൊലീസ്; എവിടെ പണിമുടക്കു വന്നോ അവിടെ വന്നു പൊലീസ്; തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സാധിച്ചുകിട്ടുന്നതിനുവേണ്ടി അവര്‍ സംഘടിച്ച് പണിമുടക്ക് നടത്തുകയാണെങ്കില്‍ അവിടെ വന്നു പൊലീസ്. ഇങ്ങനെയൊരു പാരമ്പര്യം ഇവിടെയുണ്ട്. നാട്ടിലെ ജനങ്ങള്‍ക്കെതിരായി, അധ്വാനിക്കുന്ന വിഭാഗത്തിനെതിരായി, പൊലീസിനെ ഉപയോഗിക്കുന്ന ഒരു പാരമ്പര്യം ഇവിടെ ഉണ്ടായിട്ടുണ്ട്. ആ പാരമ്പര്യം അവസാനിപ്പിക്കണമെന്നാണ് ഗവണ്‍മെന്‍റിന്‍റെ ആഗ്രഹം. ആ പാരമ്പര്യം അവസാനിപ്പിച്ച് ഈ നാട്ടില്‍ തൊഴിലാളികളും മുതലാളികളും തമ്മിലും, കര്‍ഷകത്തൊഴിലാളികളും ജന്മികളും തമ്മിലും നടക്കുന്ന സമരത്തില്‍, പൊലീസിന്‍റെ സഹായം തേടാതെ അതെല്ലാം സമാധാനപരമായി, പ്രശ്നത്തിന്‍റെ യാഥാര്‍ഥ്യം മനസ്സിലാക്കി, ആ പ്രശ്നങ്ങളിലേക്കു കടന്നുചെന്ന് തീര്‍ക്കുക എന്ന ഒരു പുതിയ പാരമ്പര്യം ഇവിടെ സൃഷ്ടിക്കണമെന്നാഗ്രഹിക്കുകയാണ്. ഈ പുതിയ പാരമ്പര്യം സൃഷ്ടിക്കുന്നതുമൂലം പൊലീസ് നിര്‍വീര്യമാകുമെങ്കില്‍ ഈ ഗവണ്‍മെന്‍റ് പൊലീസിനെ നിര്‍വീര്യമാക്കിത്തീര്‍ക്കുന്നതിന് പരിശ്രമിക്കുന്നുണ്ട് എന്നു പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. പൊലീസിന് ചില പണികളുണ്ട്. കളവ്,കൊല, കൊള്ള, മുതലായ സാമൂഹ്യവിരുദ്ധമായിട്ടുള്ള കുറ്റങ്ങളും ക്രമക്കേടുകളും നാട്ടിലില്ലാതാക്കണം. ഈ കാര്യത്തില്‍ പൊലീസ് നിര്‍വീര്യമാകുന്നു എങ്കില്‍ അത് ഈ സംസ്ഥാനത്തിന് ആപത്താണ്. അത് ഇല്ലാതാക്കണമെന്നാണ് ബഹുമാനപ്പെട്ട മെംബര്‍മാരുടെ ഉദ്ദേശ്യമെങ്കില്‍ അതിന് ഈ ഗവണ്‍മെന്‍റ് പ്രതിപക്ഷത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണ്. അതിനുള്ള തകരാറുകള്‍ തീര്‍ക്കുവാന്‍ ഈ ഗവണ്‍മെന്‍റ് തീര്‍ച്ചയായും പരിശ്രമിക്കും. തൊഴിലാളികളുടെ പണിമുടക്കുകളില്‍ പൊലീസിനെ ഉപയോഗിക്കുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന നയം ഉണ്ടായിരിക്കണമെന്നാണ് ബഹുമാനപ്പെട്ട മെംബര്‍മാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനോട് യോജിക്കുവാന്‍ ഞാന്‍ തയ്യാറില്ല. (ഇ എം എസ് സമ്പൂര്‍ണകൃതികള്‍, സഞ്ചിക 18).

TAGS :

Next Story