മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നതെന്തിനെന്ന് ചോദിച്ചതോടെ കഷ്ടകാലം തുടങ്ങിയെന്ന് ജേക്കബ് തോമസ്
മഅ്ദനിയെ അറസ്റ്റ് ചെയ്യുന്നതെന്തിനെന്ന് ചോദിച്ചതോടെ കഷ്ടകാലം തുടങ്ങിയെന്ന് ജേക്കബ് തോമസ്
‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’എന്ന പേരിലുള്ള സർവിസ് സ്റ്റോറിയിലാണ് ജേക്കബ് തോമസിന്റെ വെളിപ്പെടുത്തലുകള്
ഒൗദ്യോഗിക ജീവിതത്തിലെ വെല്ലുവിളികളും വേദനകളും വിശദമായി പ്രതിപാദിക്കുന്ന സർവിസ് സ്റ്റോറിയുമായി ഡി.ജി.പിയും മുൻ വിജിലൻസ് ഡയറക്ടറുമായ ഡോ. ജേക്കബ് തോമസ്. 1998ൽ കൊച്ചി സിറ്റി പൊലീസ് കമീഷണറായിരിക്കെ, കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് മഅ്ദനിയെ അറസ്റ്റ് ചെയ്യണമെന്ന അന്നത്തെ ഉത്തര മേഖല ഐ.ജി ജേക്കബ് പുന്നൂസിന്റെ നിർദേശത്തിന്, ‘എന്തിനാണ് അറസ്റ്റെന്ന’ തന്റെ മറുചോദ്യത്തോടെ സേനയിലെ തന്റെ കഷ്ടകാലത്തിനു തുടക്കമായെന്നും ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’എന്ന പേരിലുള്ള സർവിസ് സ്റ്റോറിയിൽ അദ്ദേഹം തുറന്നടിക്കുന്നു.
വ്യക്തമായ കാരണമില്ലാതെ മഅ്ദനിയെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചതിനെ ചോദ്യം ചെയ്യാതിരിക്കാനാവുമായിരുന്നില്ല. എന്തിനാണ് അറസ്റ്റെന്നും തെളിവുകളുണ്ടോയെന്നും ഐ.ജിയോട് ചോദിച്ചത് വലിയ അപരാധമായിപ്പോയെന്ന വിലയിരുത്തലും ഉണ്ടായി. മഅ്ദനിയെ അറസ്റ്റ് ചെയ്യാൻ ഞാൻ തയാറായില്ല. വാറന്റോ തെളിവുകളോ ഇല്ലാതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന തനിക്ക് അടുത്തദിവസം തന്നെ സിറ്റി പൊലീസ് കമീഷണറുടെ പദവിയിൽനിന്ന് ഒഴിയേണ്ടി വന്നു. മഅ്ദനിയെ അറസ്റ്റ് ചെയ്യാതിരുന്നത് അതിനെ മനുഷ്യാവകാശ പ്രശ്നമായി കണ്ടാണ്. മനുഷ്യാവകാശം സംരക്ഷിക്കാൻ ഇൗ നിലപാടിലൂടെ കഴിഞ്ഞു. ഒമ്പതു വർഷത്തെ ജയിൽ വാസത്തിനുശേഷം മഅ്ദനി പുറത്തുവന്നതും തെളിവുകളുടെ അഭാവത്തിലായിരുന്നു.
എന്നാൽ, അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരും തനിക്കെതിരായ റിപ്പോർട്ട് അംഗീകരിച്ചു. അതിനുശേഷം പൊലീസ് യൂനിഫോം അണിയേണ്ടി വന്നിട്ടില്ല. സിവിൽ സപ്ലൈസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ, ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ, കെ.ടി.ഡി.എഫ്.സി മാനേജിങ് ഡയറക്ടർ, ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ എം.ഡി, ഫയർ ഫോഴ്സ് മേധാവി തുടങ്ങിയവയായിരുന്നു പിന്നീടുള്ള പദവികൾ. താൻ അറസ്റ്റ് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് കോഴിക്കോട് സി.ഐയായിരുന്ന എ.വി. ജോർജ് 1998 മാർച്ച് 31ന് രാത്രി കൊച്ചിയിലെത്തി മഅ്ദനിയെ അറസ്റ്റ് ചെയ്ത് കോഴിക്കോട്ടേക്ക് കൊണ്ടുപോയതും അദ്ദേഹം ഒാർമിപ്പിക്കുന്നു.
സപ്ലൈകോ സി.എം.ഡിയായിരിക്കെ വകുപ്പിൽ നടന്ന കോടികളുടെ ക്രമക്കേടുകളെക്കുറിച്ചും അടുത്ത സഹപ്രവർത്തകരെക്കുറിച്ചും അഴിമതിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന പരാമർശങ്ങളും പൊലീസ് സേനയെക്കുറിച്ചും ഇപ്പോഴത്തെ പ്രതിസന്ധികളെക്കുറിച്ചും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. വിട്ടുവീഴ്ചയില്ലാത്ത ഐ.പി.എസുകാരൻ, വിവാദ നായകൻ, അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തി ആരുടെ മുന്നിലും വഴങ്ങാത്തയാൾ, ഉദ്യോഗസ്ഥരുടെ പേടിസ്വപ്നം ഇതൊക്കെയാണ് മലയാളികളുടെ മനസ്സിൽ ജേക്കബ് തോമസിനുള്ള സ്ഥാനം. അതിന്റെ ഉള്ളറകളിലേക്ക് കടന്നുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്.
അതേക്കുറിച്ച് ചോദിച്ചപ്പോൾ പുസ്തകം വരട്ടെ എന്നിട്ടാകാം മറ്റ് കാര്യങ്ങൾ എന്നായിരുന്നു പ്രതികരണം. കറൻറ് ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം 22ന് തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. എ.എസ്.പിയായി സർവിസിൽ പ്രവേശിച്ച് വിജിലൻസ് ഡയറക്ടറുടെ പദവിയിൽനിന്ന് അവധിയിൽ കഴിയുന്ന ജേക്കബ് തോമസിന്റെ 250 പേജ് വരുന്ന പുസ്തകം പുറത്തുവരും മുമ്പുതന്നെ പലരുടെയും ഉറക്കം കെടുത്തുന്നുമുണ്ട്. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ’എന്ന പേരുതന്നെ പുതിയ വിവാദത്തിലേക്കുള്ള വഴിതുറക്കലാണെന്ന് കരുതുന്നവരുണ്ട്.
അതിനിടെ, സർവിസിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും കാര്യങ്ങൾ നിരീക്ഷിച്ചു വരുകയാണെന്നും ജേക്കബ് തോമസ് ചോദ്യത്തിനു മറുപടി നൽകി.
Adjust Story Font
16