ഡി സിനിമാസ് ഭൂമി നിയമാനുസൃതം വാങ്ങിയതാണെന്ന് കളക്ടറുടെ ഹിയറിങില്‍ ദിലീപ്
ഡി സിനിമാസ് ഭൂമി നിയമാനുസൃതം വാങ്ങിയതാണെന്ന് കളക്ടറുടെ ഹിയറിങില്‍ ദിലീപ്
ഡി സിനിമാസിന്റെ കൈയ്യേറ്റത്തിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതു പ്രവര്‍ത്തകനായ പി.ഡി. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും
ഡി സിനിമാസ് ഭൂമി നിയമാനുസൃതം വാങ്ങിയതാണെന്ന് തൃശൂര്‍ ജില്ലാ കളക്ടറുടെ ഹിയറിങില്‍ ദിലീപ് അറിയിച്ചു. എന്നാല്‍ രാജകുടുംബത്തിന്റേതായിരുന്ന ഭൂമി സര്‍ക്കാരിന്റേതാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പരാതിക്കാരന്‍. ഡി സിനിമാസിനെതിരായ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണനയ്‌ക്കെത്തും.
ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി ദിലീപ് കൈയ്യേറിയതാണെന്ന പരാതിയില്‍ ഹിയറിങ് പൂര്‍ത്തിയായി. ഈ പരാതിക്ക് പുറമെ ഭൂമി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡും ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപ് അഭിഭാഷകന്‍ മുഖേന സമര്‍പ്പിച്ച മറുപടിയിലാണ് ഭൂമി രാജകുടുംബത്തിന്റേതായിരുന്നു എന്നും എന്നാല്‍ പല കൈമാറ്റങ്ങള്‍ക്കൊടുവില്‍ നിയമാസൃതമായാണ് വാങ്ങിയതെന്നും അറിയിച്ചത്.
1905 ലെ രേഖകള്‍ പ്രകാരം ഭൂമി രാജകുടുംബത്തിന്റെ സ്ഥലമായിരുന്നു. രാജകുടുംബാംഗങ്ങള്‍ 1963 ല്‍ വസ്തു ഭാഗം ചെയ്തു. 1976 ല്‍ സ്ഥലത്തിന് പട്ടയം ലഭിച്ചു. പിന്നീട് പലരും വാങ്ങിയ ശേഷമാണ് ദിലീപ് സ്ഥലം വാങ്ങിയത്. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ ഭൂമിയാണെന്ന വാദം ശരിയല്ല. ഇതിന് മുമ്പ് വസ്തുവില്‍ അവകാശ വാദം ഉന്നയിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും രംഗത്തെത്തിയിരുന്നില്ല. സര്‍വ്വേ റിപ്പോര്‍ട്ടിലും സ്ഥലം കൈയ്യേറിയെന്ന ആരോപണമില്ലെന്നും ദിലീപ് വാദിച്ചു. എന്നാല്‍ ദിലീപിന്റെ വാദം കൈയ്യേറ്റം അംഗീകരിക്കുന്നതാണെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ഇതിനിടെ ഡി സിനിമാസിന്റെ കൈയ്യേറ്റത്തിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പൊതു പ്രവര്‍ത്തകനായ പി.ഡി. ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. കോടതി ഉത്തരവ് പ്രകാരമുളള ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ്, കോടതിയില്‍ സമര്‍പ്പിച്ചേക്കും. സര്‍വ്വേ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി സിനിമാസ് ഭൂമിയില്‍ കൈയ്യേറ്റം കണ്ടെത്താനായിട്ടില്ലെന്നാണ് തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
Adjust Story Font
16