ചാലക്കുടിയില്‍ മധ്യവയസ്കന്‍റെ മരണം ക്വട്ടേഷന്‍ കൊലപാതകം; റിയൽ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കുന്നു
ചാലക്കുടിയില്‍ മധ്യവയസ്കന്‍റെ മരണം ക്വട്ടേഷന്‍ കൊലപാതകം; റിയൽ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കുന്നു
റിയൽ എസ്റ്റേറ്റ് ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
തൃശൂര്‍ പരിയാരത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊച്ചിയിലെ പ്രമുഖ അഭിഭാഷകന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് ചാലക്കുടി തവളപ്പാറ എസ് ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തി. ഇയാള്‍ പാട്ടത്തിനെടുത്ത തോട്ടത്തിലേക്കുള്ള വഴിയില്‍ സ്കൂട്ടറും കുടയും മറ്റ് മൂന്ന് പേരുടെ ചെരിപ്പുകളും കണ്ടെടുത്തിയിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷൈജു, സുനില്‍, സത്യന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷനാണെന്ന് വ്യക്തമായത്.
രാജീവിന് നേരത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി അഭിഭാഷകന്‍ പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പങ്കാളികളായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എറണാകുളത്തെ ഒരു അഭിഭാഷകനും അന്വേഷണ പരിധിയിലുണ്ട്. രാജീവ് മരിച്ച് കിടക്കുന്നതായി പൊലീസിന് വിവരം നല്‍കിയതും പ്രതികള്‍ തന്നെയാണെന്ന് സൂചന.
Adjust Story Font
16