Quantcast

അമിത്ഷായുടെ പിന്‍മാറ്റം ബിജെപിക്ക് തിരിച്ചടിയാവുന്നു

MediaOne Logo

Subin

  • Published:

    28 May 2018 5:52 PM GMT

അമിത്ഷായുടെ പിന്‍മാറ്റം ബിജെപിക്ക് തിരിച്ചടിയാവുന്നു
X

അമിത്ഷായുടെ പിന്‍മാറ്റം ബിജെപിക്ക് തിരിച്ചടിയാവുന്നു

ഡല്‍ഹിയില്‍ ഔദ്യോഗിക പരിപാടിയുളളതിനാലാണ് അമിത്ഷാ ജാഥയില്‍ നിന്ന് പിന്‍മാറിയതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം...

ജനരക്ഷായാത്രയില്‍ നിന്ന് പിന്മാറാനുള്ള അമിത്ഷായുടെ തീരുമാനം ബിജെപി സംസ്ഥാന ഘടകത്തിന് തിരിച്ചടിയാകുന്നു. പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് അമിത് ഷാ ഡല്‍ഹിയില്‍ തങ്ങുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണമെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ ആശയക്കുഴപ്പം തുടരുകയാണ്.

സിപിഎമ്മിനെതിരെ ശക്തമായ പ്രചാരണമെന്ന നിലയിലും കോഴ വിവാദത്തില്‍പ്പെട്ട പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കുന്നതിനുമാണ് അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ അണി നിരത്തി ജനരക്ഷായാത്ര നടത്താന്‍ ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചത്. ആദ്യദിനം അമിത് ഷാ എത്തിയതിന്റെ ആവേശത്തിലായിരുന്നു സംസ്ഥാന നേതാക്കളും അണികളും. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായിയിലെത്തുന്ന ജനരക്ഷായാത്രയില്‍ അമിത് ഷാ പങ്കെടുക്കുന്നതിനും വലിയ പ്രചാരണമാണ് ബിജെപി നടത്തിയിരുന്നത്. എന്നാല്‍ ദേശീയ അധ്യക്ഷന്‍ യാത്ര റദ്ദാക്കിയതോടെ തീര്‍ത്തും വെട്ടിലായിരിക്കുകയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം.

ഡല്‍ഹിയില്‍ ഔദ്യോഗിക പരിപാടിയുളളതിനാലാണ് അമിത്ഷാ ജാഥയില്‍ നിന്ന് പിന്‍മാറിയതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ കൊട്ടിഘോഷിച്ച പരിപാടിയില്‍ നിന്ന് ദേശീയാധ്യക്ഷന്‍ തന്നെ വിട്ടു നിന്നതോടെ ജാഥയുടെ നിറംമങ്ങിയെന്ന അഭിപ്രായം സംസ്ഥാനനേതൃത്വത്തിലെ ഒരുവിഭാഗത്തിനുണ്ട്, യാത്രയില്‍ ജനപങ്കാളിത്തം കുറവായതില്‍ അമിത്ഷാ അതൃപ്തനായിരുന്നുവെന്ന ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. രണ്ട് തവണ മാറ്റിവെച്ചതിന് ശേഷമാണ് ജനരക്ഷയാത്ര തുടങ്ങാന്‍ തന്നെ ബിജെപിക്കായത്. ഇതിന് പിന്നാലെയാണ് അമിത്ഷായുടെ പിന്‍മാറ്റവും ഉണ്ടായത്.

ജാഥക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിനെതിരെ നടത്തിയ പ്രസ്താവനയും തിരിച്ചടിയായി. മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങള്‍ക്ക് പകരം ഇതിനെല്ലാം മറുപടി നല്‍കേണ്ട അവസ്ഥയിലാണ് സംസ്ഥാന ഘടകം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നടത്തുന്ന യാത്ര വിപരീതഫലം ചെയ്യുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

TAGS :

Next Story