തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക എന്‍സിപി യോഗം നാളെ
തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക എന്‍സിപി യോഗം നാളെ
തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ എന്‍സിപി തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ രാജി ആവശ്യപ്പെട്ടേക്കും.
മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക എന്‍സിപി യോഗം നാളെ. ദേശീയ നേതൃത്വത്തിന്‍റെ കൂടി അഭിപ്രായം പരിഗണിച്ചാകും അന്തിമ തീരുമാനം. തോമസ് ചാണ്ടിയെ മാറ്റിനിര്‍ത്താന്‍ എന്‍സിപി തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ രാജി ആവശ്യപ്പെട്ടേക്കും.
തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയാണ്. ഉചിതമായ തീരുമാനമെടുത്ത് അറിയിക്കാന്‍ മുഖ്യമന്ത്രി എന്‍സിപിക്ക് സമയം നല്‍കിയതോടെ പന്ത് അവരുടെ കോര്‍ട്ടിലായി. നാളെ ഉച്ചക്ക് രണ്ടിന് കൊച്ചിയില്‍ എന്‍സിപി സംസ്ഥാന എക്സിക്യുട്ടീവ് ചേരും. രാജിക്കാര്യത്തില്‍ തീരുമാനം ഈ യോഗത്തിലുണ്ടാവും.
അതിന് മുന്‍പ് തോമസ് ചാണ്ടിയും എന്‍സിപിയുടെ മറ്റ് പ്രധാന നേതാക്കളും പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തും. തോമസ് ചാണ്ടിയെ രാജിവെപ്പിച്ചാലും പാര്‍ട്ടിയുടെ ഏക മന്ത്രി സ്ഥാനം നഷ്ടമാകരുതെന്നാണ് എന്‍സിപി ദേശീയ - സംസ്ഥാന നേതൃത്വങ്ങളുടെ നിലപാട്. അതുകൊണ്ടുതന്നെ മന്ത്രിസ്ഥാനം നിലനിര്‍ത്തുന്നതിനുള്ള വഴികളെക്കുറിച്ചാകും പ്രധാന ചര്‍ച്ചകള്‍.
ഫോണ്‍ വിവാദത്തില്‍ പെട്ട് രാജിവെക്കേണ്ടി വന്ന എ കെ ശശീന്ദ്രനെത്തന്നെ തിരികെ കൊണ്ടുവരാനാണ് പാര്‍ട്ടിക്ക് താത്പര്യം. കോടതി തീരുമാനവും ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടും അനുകൂലമായാല്‍ ശശീന്ദ്രനെ തിരികെയെടുക്കാമെന്ന ഉറപ്പ് ഇടത് നേതൃത്വം നല്‍കണമെന്ന് എന്‍സിപി ആവശ്യപ്പെടും. ഡിസംബര്‍ 31 നാണ് ജുഡീഷ്യല്‍ കമ്മിഷന്‍ കാലാവധി അവസാനിക്കുക. അങ്ങനെയെങ്കില്‍ തോമസ് ചാണ്ടി ഒഴിഞ്ഞാലും ശശീന്ദ്രന്‍ മടങ്ങിയെത്താന്‍ അടുത്ത വര്‍ഷം ആദ്യം വരെ കാത്തിരിക്കേണ്ടിവരും. മന്ത്രിസഭയില്‍ മൊത്തത്തില്‍ അഴിച്ചുപണിക്കും ആലോചനയുള്ളതിനാല്‍ പുതിയ മന്ത്രിയുടെ സത്യപ്രതിജ്ഞയും അതിനോടനുബന്ധിച്ച് നടക്കാനാണ് സാധ്യത.
Adjust Story Font
16