കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; 5 പേര്‍ മരിച്ചു
കൊച്ചി കപ്പല്‍ശാലയില്‍ കപ്പലിനുള്ളില്‍ പൊട്ടിത്തെറി; 5 പേര്‍ മരിച്ചു
ഒഎന്‍ജിസിയുടെ ഉടമസ്ഥതയിലുള്ള എണ്ണപര്യവേഷണ കപ്പലായ സാഗര്‍ഭൂഷണിലാണ് സ്ഫോടനമുണ്ടായത്.
കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കിടെ കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. വെള്ളം സംഭരിക്കുന്ന ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം. ഒഎന്‍ജിസിയുടെ ഉടമസ്ഥതയിലുള്ള എണ്ണപര്യവേഷണ കപ്പലായ സാഗര്‍ഭൂഷണിലാണ് സ്ഫോടനമുണ്ടായത്.
രാവിലെ ഒന്‍പതേകാലോടെയാണ് കപ്പലിന്‍റെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിനായി വെള്ളം സംഭരിക്കുന്ന വാട്ടര്‍ ടാങ്കില്‍ അറ്റകുറ്റപ്പണിക്കിടെ തീപിടുത്തവും സ്ഫോടനവും ഉണ്ടായത്. കപ്പലിന്റെ ഏറ്റവും അടിഭാഗത്തുള്ള ടാങ്കില്‍ വെല്‍ഡിങ് ജോലികള്‍ നടക്കവേയാണ് അപകടം. മരിച്ചവരെല്ലാം മലയാളികളാണ്. സീനിയര്‍ ഫയര്‍മാനായ ഏരൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണന്‍, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ പത്തനംതിട്ട സ്വദേശി ഗവിന്‍, ഫയര്‍ വിഭാഗം ജീവനക്കാരനായ തുറവൂര്‍ സ്വദേശി ജയന്‍, എരൂര്‍ സ്വദേശി കണ്ണന്‍ എന്നിവരാണ് മരിച്ചത്. 100 ശതമാനം പൊള്ളലേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. പരിക്കേറ്റ ഏഴ് പേരെ കൊച്ചിയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇതില്‍ 45 ശതമാനം പൊള്ളലേറ്റ ശ്രീരൂപ് എന്നയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.
വെല്‍ഡിങ് ജോലികള്‍ നടക്കവേ ടാങ്കിനകത്ത് തീപിടിക്കാന്‍ സഹായകരമായ വാതകം നിറഞ്ഞിരുന്നതാണ് അപകട കാരണമെന്നാണ് നിഗമനം. എന്നാല്‍ വാതക രഹിത പരിശോധന നടത്തിയ ശേഷമാണ് സാധാരണ ഇത്തരം ഇടങ്ങളില്‍ വെല്‍ഡിങ് ജോലികള്‍ നടത്താറുള്ളൂ. അതിനാല്‍ വാതകം നിറഞ്ഞത് സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നുവെന്ന വിശദീകരണമാണ് കപ്പല്‍ശാല അധികൃതര്‍ നല്‍കുന്നത്.
Adjust Story Font
16