കോഴിക്കോട്ടെ ഹോട്ടലുകളില്‍ കയറുംമുന്‍പേ ഇനി അറിയാം വൃത്തിയും സൌകര്യങ്ങളും
കോഴിക്കോട്ടെ ഹോട്ടലുകളില്‍ കയറുംമുന്‍പേ ഇനി അറിയാം വൃത്തിയും സൌകര്യങ്ങളും
സംസ്ഥാനത്ത് ആദ്യമായി ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്താനൊരുങ്ങി കോഴിക്കോട് കോര്‍പ്പറേഷന്‍
നഗരത്തിലെ മികച്ച ഹോട്ടലുകള്‍ തെരഞ്ഞെടുക്കാന്‍ ഭക്ഷണപ്രേമികള്‍ക്ക് അവസരമൊരുക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍. സംസ്ഥാനത്ത് ആദ്യമായി ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തിക്കൊണ്ടാണ് കോര്‍പ്പറേഷന്‍ ഇത്തരത്തിലൊരു ഉദ്യമത്തിന് ഇറങ്ങുന്നത്. വൃത്തിയും വെടിപ്പും തന്നെയാകും ഗ്രേഡിങിന്‍റെ പ്രധാന മാനദണ്ഡം. ജൂണ്‍ മാസം മുതല്‍ പദ്ധതി നടപ്പാക്കാനാണ് കോര്‍പ്പറേഷന്‍റെ തീരുമാനം.
കഴിക്കാന്‍ കയറുന്നതിന് മുമ്പേ തന്നെ ഇനി അറിയാം ഹോട്ടലിന്‍റെ അടുക്കളയിലെ വൃത്തി മുതല്‍ ജീവനക്കാരന്‍റെ ശുചിത്വം വരെ. ഇതിനായി കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ ഗ്രേഡിങ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് കോര്‍പ്പറേഷന്‍. ഹോട്ടലുകളുടെ വലിപ്പവും സൌകര്യവും പരിഗണിച്ച് ആദ്യം മൂന്ന് ഗ്രേഡുകള്‍ നല്‍കും.
ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവിക്ക് പകരം സ്മൈലികള്‍ നല്‍കിയാണ് പിന്നീട് തരം തിരിക്കുന്നത്. ഹോട്ടലുകളുടെ വൃത്തിയും മറ്റു സൌകര്യങ്ങളും പരിഗണിച്ച് ഒന്ന് മുതല്‍ അഞ്ച് സ്മൈലി വരെ ലഭിക്കും. അടുക്കളയുടെ ശുചിത്വം, ശുചിമുറികളുടെ വൃത്തി, കുടിവെള്ളത്തിന്‍റെ ശുദ്ധി, ജീവനക്കാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് സ്മൈലികള്‍ നല്‍കുക. ഉപഭോക്താക്കളുടെ പ്രതികരണവും പരിഗണിക്കും. കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് ഗ്രേഡ് നിര്‍ണയിക്കുക.
Adjust Story Font
16