നോക്കുകൂലി; സിഐടിയുക്കാര്‍ മധ്യവയസ്‌കന്റെ കൈ തല്ലിയൊടിച്ചു
വീട് പണിക്കായി കൊണ്ടുവന്ന സിമിന്റ് ലോറിയില്‍ നിന്നും ഇറക്കിയതിനാണ് കുമരകം സ്വദേശിയായ ആന്റണിക്ക് സിഐടിയുകാരുടെ മര്‍ദ്ദനമേറ്റത്.
നോക്ക് കൂലി നല്‍കാതിരുന്നതിന്റെ പേരില്‍ കുമരകത്ത് ഗൃഹനാഥന്റെ കൈ സിഐടിയുക്കാര്‍ തല്ലിയൊടിച്ചതായി പരാതി. കുമരകം സ്വദേശി ആന്റണിയാണ് മര്‍ദ്ദനത്തിന് ഇരയായത്. തൊഴിലാളി സംഘടനകള്‍ നോക്ക് കൂലി വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് സംഭവം.
വീട് പണിക്കായി കൊണ്ടുവന്ന സിമിന്റ് ലോറിയില്‍ നിന്നും ഇറക്കിയതിനാണ് കുമരകം സ്വദേശിയായ ആന്റണിക്ക് സിഐടിയുകാരുടെ മര്‍ദ്ദനമേറ്റത്. റോഡില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ വലിയ തുക നല്‍കേണ്ടി വന്നതോടെയാണ് ഒറ്റയ്ക്ക് ഈ ജോലി ചെയ്യാന്‍ ആന്റണി തയ്യാറായത് എന്നാല്‍ സിഐടിയുക്കാരെത്തി ഇത് തടയുകയും ആന്റണിയെ മര്‍ദ്ദിക്കുകയുമായിരുന്നു.
നാല് വര്‍ഷമായി ആന്റണി വീട് പണി ആരംഭിച്ചിട്ട്. പണമില്ലാത്തതിനാല്‍ പലപ്പോഴായി വീട് പണി നീണ്ട് പോകുകയായിരുന്നു. ആന്റണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമരകം പൊലീസ് രണ്ട് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതേസമയം നോക്ക് കൂലി ചോദിച്ചിട്ടില്ലെന്നാണ് സിഐടിയു പ്രാദേശിക നേതൃത്വം പറയുന്നത്.
Adjust Story Font
16